മുംബൈ : വിമാനം പറത്തുന്നതിനിടെ അടിപിടിയുണ്ടാക്കിയ മുതിര്‍ന്ന പുരുഷ വനിതാ പൈലറ്റുമാരുടെ ലൈസന്‍സ് ഡിജിസിഎ റദ്ദാക്കി. അഞ്ച് വര്‍ഷത്തേക്കാണ് അച്ചടക്ക നടപടി. ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇവരെ പ്രസ്തുത വിമാനക്കമ്പനി നേരത്തേ പുറത്താക്കിയിരുന്നു. ലണ്ടന്‍- മുംബൈ വിമാനത്തില്‍ ജനുവരി ഒന്നിനായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. 9 ഡബ്ല്യൂ 119 ലണ്ടന്‍ മുംബൈ ഫ്‌ളൈറ്റില്‍ വെച്ച് പുരുഷ വനിതാ പൈലറ്റുമാര്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും അരങ്ങേറി. ജീവനക്കാരും രണ്ട് നവജാത ശിശുക്കളുമടക്കം 338 പേര്‍ ഈ സമയം വിമാനത്തിലുണ്ടായിരുന്നു. പറന്നിറങ്ങാന്‍ 2.45 മണിക്കൂര്‍ ശേഷിക്കെയായിരുന്നു കയ്യാങ്കളി. പൈലറ്റുമാര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്ന് ജെറ്റ് എയര്‍വേയ്‌സ് വിശദീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുരുഷ പൈലറ്റില്‍ നിന്ന് പ്രഹരമേറ്റതിനെ തുടര്‍ന്ന് കരഞ്ഞുകൊണ്ടാണ് സഹപ്രവര്‍ത്തക കോക്പിറ്റില്‍ നിന്ന് പുറത്തേക്ക് വന്നത്. ക്യാബിന്‍ ക്ര്യൂ ജീവനക്കാര്‍ അവരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് പുരുഷ പൈലറ്റും പുറത്തുവന്നു. മറ്റൊരുദ്യോഗസ്ഥനെ വിമാനത്തിന്റെ നിയന്ത്രണമേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തിരികെ കോക്പിറ്റിലേക്ക് പോകാന്‍ വനിതാ പൈലറ്റിനെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇരുപൈലറ്റുമാരും വഴക്കിട്ട് മറ്റൊരാളെ വിമാനത്തിന്റെ നിയന്ത്രണമേല്‍പ്പിക്കുന്നതും ചട്ടവിരുദ്ധമാണ്. ഭാഗ്യവശാല്‍ കൂടുതല്‍ പ്രശ്നങ്ങളില്ലാതെ വിമാനം സുരക്ഷിതമായി ഇറങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒടുവില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുകയായിരുന്നു.
338 യാത്രക്കാരുടെ ജീവന്‍ പന്താടി പുരുഷ വനിതാ പൈലറ്റുമാര്‍ അടിപിടിയുണ്ടാക്കി; നടപടി ഇങ്ങനെ
Tags: pilots