
പിണറായി വിജയന് രാഷ്ട്രത്തലവന്‍മാര്‍ക്ക് മാത്രം നല്‍കുന്ന തരത്തിലുള്ള സ്വീകരണമൊരുക്കി ബഹ്‌റൈന്‍ കിരീടാവകാശി വിരുന്നൊരുക്കി. അരിവാളും ചുറ്റികയും ഉറപ്പിച്ച കേക്കില്‍ ലാല്‍സലാം എന്ന് ആലേഖനവും ചെയതിരുന്നു. കേക്ക് മുറിച്ചാണ് വിരുന്ന് തുടങ്ങിയത്. ഇന്ത്യയെയും കേരളത്തെയും പ്രതീകവത്ക്കരിക്കുന്ന ത്രിവര്‍ണ്ണ നിറമുള്ളതും കഥകളി രൂപമുള്ളതുമായ രണ്ട് കേക്കുകള്‍ വേറെയുമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹറൈന്‍ സന്ദര്‍ശനം ചരിത്രസംഭവമായപ്പോള്‍ ആദരിക്കപ്പെട്ടത് കേരളവും മലയാളികളുമാണ്. ഇതാദ്യമായാണ് ഇത്രയും മുതിര്‍ന്ന തലത്തില്‍ കേരളവും ബഹ്‌റൈനും തമ്മില്‍ ആശയവിനിമയം നടക്കുന്നത്. രാജാവും പ്രധാനമന്ത്രിയും കിരീടാവകാശിയും മുഖ്യമന്ത്രിയുമായും കേരള പ്രതിനിധിസംഘവുമായും പ്രത്യേകം പ്രത്യേകം ആശയവിനിമയം നടത്തി. ബഹ്‌റൈന്‍ ചരിത്രത്തില്‍ ഇത്രയും വിസ്തൃതമായ കൂടിക്കാഴ്ചകള്‍ മൂവരും നടത്തിയിട്ടില്ല.
ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ സ്ഥാനക്രമത്തില്‍ രാജാവിനും പ്രധാനമന്ത്രിക്കും തൊട്ടുനില്‍ക്കുന്ന സ്ഥാനമാണ് കിരീടാവകാശിയുടേത്. സുപ്രധാന ഭരണതീരുമാനമുണ്ടാകുന്ന കോര്‍ട്ടിന്റെ അധിപനും ബഹ്‌റൈന്‍ രാജാവിന്റെ പുത്രനുണു കിരീടാവകാശി ഷെയ്ഖ് ഖലീഫ ബിന്‍ സേജ്. മൂന്നുദിനം നീണ്ട സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് മുഖ്യമന്ത്രിക്കും പ്രതിനിധി സംഘത്തിനും കിരീടാവകാശി വിരുന്നൊരുക്കിയത്.
മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തേയും ആശ്ചര്യപ്പെടുത്തുന്ന ഊഷ്മളതയും സൗഹാര്‍ദവുമാണ് വിരുന്നിലുണ്ടായത്. പിണറായി വിജയനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും ആദരിച്ചു കൊണ്ട് അരിവാള്‍ ചുറ്റികയും ലാല്‍സലാമും ആലേഖനം ചെയ്ത കേക്ക് ആയിരുന്നു വിരുന്നിന്റെ മുഖ്യആകര്‍ഷണം. ഇന്ത്യയോടുളള ബഹറൈന്റെ ആദരവ് വ്യക്തമാക്കുന്ന ത്രിവര്‍ണ നിറത്തിലുളള കേക്കും കഥകളി ചിത്രം ആലേഖനം ചെയ്ത കേക്കും സ്‌നേഹോഷ്മളതയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു.
ബഹ്‌റൈനിലെ മുതിര്‍ന്ന മന്ത്രിമാര്‍ മുഖ്യമന്ത്രിക്കൊപ്പം കേക്കിനടുത്ത്‌നിന്ന് ഫോട്ടോയെടുത്തു. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ അണികള്‍ മുദ്രാവാക്യം വിളിച്ചതിനെ വിമര്‍ശിച്ച് മാധ്യമ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ഈ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. വിരുന്നിനിടെ ക്രൗണ്‍പ്രിന്‍സ് കോര്‍ട്ടിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ മുഖ്യമന്ത്രി ക്രൗണ്‍പ്രിന്‍സിന് സമര്‍പ്പിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുളള ഉറപ്പ് കൈമാറി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,നളിനി നെറ്റോ, ജോണ്‍ബ്രിട്ടാസ്, എംഎ യൂസഫലി, രവി പിളള, വര്‍ഗീസ് കുര്യന്‍, സോമന്‍ ബേബി, അഷറഫ് അലി തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു.
ബഹ്‌റൈന്‍ സന്ദര്‍ശനവേളയില്‍ ബഹ്‌റൈന്‍ വാണിജ്യ-വ്യവസായ മന്ത്രി സയ്യിദ് ആര്‍ അല്‍സയാനി മുഖ്യപ്രഭാഷണം നടത്തിയ ബഹ്‌റൈന്‍-കേരള വ്യവസായ നിക്ഷേപക സമ്മേളനവും കൗതുകകരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.സ്വദേശ-വിദേശ വ്യവസായികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ജോണ്‍ബ്രിട്ടാസ് ആയിരുന്നു മോഡറേറ്റര്‍. ബഹ്‌റൈന്‍ വാണിജ്യ-വ്യവസായ മന്ത്രിയുടെ മുതുമുത്തച്ഛന് ഇന്ത്യയുമായുളള ബന്ധം ജോണ്‍ ബ്രിട്ടാസ് വിവരിച്ചത് മന്ത്രിയുടെ കണ്ണ് നനയിച്ചു.
ബ്രിട്ടീഷുകാരാല്‍ നാടു കടത്തപ്പെട്ടയാളായിരുന്നു ബഹ്‌റൈന്‍ മന്ത്രിയുടെ മുതുമുത്തച്ഛന്‍. പ്രവാസവാസത്തിന് അദ്ദേഹം തെരഞ്ഞെടുത്തത് ബോംബെയായിരുന്നു. ബോംബെയില്‍ വന്ന് അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ കേസ് നടത്തി. അദ്ദേഹത്തിനായി കേസ് വാദിച്ചതാകട്ടെ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രുവും മുഹമ്മദാലി ജിന്നയും. കേസില്‍ അദ്ദേഹം ജയിക്കുകയും ചെയ്തു. ചരിത്രത്തില്‍ നിന്നുളള ഈ ഏട് ജോണ്‍ ബ്രിട്ടാസ് അനുസ്മരിച്ചപ്പോള്‍ ബഹ്‌റൈന്‍ മന്ത്രിയുടെ കണ്ണു നിറഞ്ഞിരുന്നു.