റേഷൻ വിഹിതം: ഉറപ്പുകിട്ടിയെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിെൻറ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.പ്രധാനമന്ത്രിയുടെ അനുകൂല പ്രതികരണം പ്രതീക്ഷ നൽകുന്നുവെന്നും കേരളത്തിൻറെ സവിശേഷമായ റേഷൻ പ്രശ്നങ്ങൾ അദ്ദേഹത്തിന് മുന്നിൽ വിവരിച്ചപ്പോൾ കേൾക്കുന്ന നിലപാടാണുണ്ടായതെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.റേഷൻ വിഹിതം വെട്ടികുറച്ച നടപടി സംസ്ഥാനത്തിന്‍റെ പൊതുവിതരണ മേഖലയെ കാര്യമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന്‍റെ സവിശേഷ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ആക്ടിലെ ചില ചട്ടങ്ങളാണ് കേരളത്തിന് തടസമാകുന്നത്. യുഡിഎഫ് സർക്കാർ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിൽ വൻ വീഴ്ചയാണ് വരുത്തിയത്. നിയമം നടപ്പാക്കാൻ പലതവണ ഇളവ് വാങ്ങിയ യുഡിഎഫ് ഗവണ്‍മെന്‍റ് പദ്ധതി നടപ്പാക്കാൻ യാതൊന്നും ചെയ്തില്ല. ഈ അവസരത്തിലാണ് ഭരണമാറ്റം ഉണ്ടാകുന്നത്. വീണ്ടും സമയം അനുവദിക്കണമെന്ന അപേക്ഷ കേന്ദ്രം തള്ളി. മറ്റ് സംസ്ഥാനങ്ങൾ നിയമം നടപ്പാക്കിയപ്പോൾ കേരളം ഇളവും വാങ്ങി വെറുതെ ഇരുന്നു. ഇനി സമയം അനുവദിക്കാനാകില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു.നിയമം നടപ്പിലാക്കാൻ ദ്രുതഗതിയിൽ നടപടി എടുക്കുമെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ ഭക്ഷ്യമന്ത്രി രാംവില്വാസ് പസ്വാനെയും മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.

Top