മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ മുഖ്യമന്ത്രിയോട് സി.പി.എം-സി.പി.ഐ തര്‍ക്കത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്. ‘മാറിനില്‍ക്ക്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി രാവിലെയാണ് എത്തിയത്. എന്നാല്‍ പാര്‍ട്ടി ഓഫീസിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ വലിയ തിരക്കായിരുന്നു പുറത്തുണ്ടായിരുന്നത്. എന്നാല്‍ മുറിയിലേക്ക് കടക്കുന്നതിന് മുമ്പ് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചറിയാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ‘ മാറിനില്‍ക്കവിടുന്ന്’എന്ന് ആക്രോശിച്ച് കൊണ്ട് പിണറായി അകത്തേക്ക് കടക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരോടല്ല, അവിടെയുണ്ടായിരുന്ന പൊലീസിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മുഖ്യമന്ത്രി കയര്‍ത്ത് തന്നെയാണ് സംസാരിച്ചത്. തുടര്‍ന്ന് ആ ഭാഗത്തുണ്ടായിരുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും പൊലീസ്ഇടപെട്ട് പുറത്തേക്ക് മാറ്റുകയായിരുന്നു. തോമസ്ചാണ്ടിയുടെ രാജിയും ഭൂമികയ്യേറ്റവും സംബന്ധിച്ചുള്ള തര്‍ക്കം സി.പി.എം-സി.പി.ഐ ഏ്റ്റുമുട്ടലിലേക്ക് വഴിവെച്ചിരുന്നു. കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇന്നത്തെ സി.പി.എം മുഖപത്രത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മാധ്യമങ്ങള്‍ എത്തിയത്. നേരത്തെ തിരുവനന്തപുരത്തും മാധ്യമങ്ങള്‍ക്കുനേരെ മുഖ്യമന്ത്രി ആക്രോശിച്ചിരുന്നു. സി.പി.എം-ബി.ജെ.പി സമാധാനചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ‘കടക്കൂ പുറത്ത്’ എന്നു പറഞ്ഞു മുഖ്യമന്ത്രി ആക്ഷേപിക്കുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ മുതിര്‍ന്ന നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.