വിജിലന്‍സ്‌- ഐ.എ.എസ്‌. പോര്‌ :കിഫ്ബിയുടെ പേരില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും കൊമ്പുകോര്‍ക്കുന്നു

തിരുവനന്തപുരം: വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസും ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരും തമ്മിലുള്ള പോര്‌ മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള ഭിന്നതയിലേക്കു വളരുന്നു.അടിസ്ഥാന സൗകര്യ നിക്ഷേപ നിധി അഥവാ കിഫ്ബിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയാണ് കാരണം. 4008 കോടിയുടെ പദ്ധതി ക ളാ ണ് കിഫ്ബി നടപ്പിലാക്കാന്‍ പോകുന്നത്.

കി ഫ്ബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ധന സെക്രട്ടറിയാണ്. കിഫ് ബി വഴി നടപ്പിലാക്കുന്ന അഞ്ച് വന്‍കിട പദ്ധതികളുടെ രേഖകള്‍ പിടിച്ചെടുക്കാനാണ് പരിശോധന നടത്തിയതെന്നറിയുന്നു. കെ.എം. എബ്രഹാം അവധിയിലായതിനാല്‍ രേഖകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് കിഫ്ബിക്ക് നോട്ടീസ് നല്‍കും. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.എം. ഏബ്രഹാമിനെ ലക്ഷ്യമിട്ട്‌ ധനവകുപ്പില്‍ വിജിലന്‍സ്‌ നടത്തിയ മിന്നല്‍പരിശോധനയ്‌ക്കെതിരെയാണ് വകുപ്പുമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌ മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചു. ബന്ധുനിയമനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായവകുപ്പ്‌ അഡീ. ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണിയെ മാറ്റരുതെന്നാവശ്യപ്പെട്ടു മന്ത്രി എ.സി. മൊയ്‌തീന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. പോള്‍ ആന്റണിയെ മാറ്റാന്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം ചീഫ്‌ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഡീ. ചീഫ്‌ സെക്രട്ടറി കെ.എം. ഏബ്രഹാം ഡെങ്കുപ്പനി ബാധിച്ച്‌ ആശുപത്രിയിലായിരിക്കേ ഇന്നലെ വീണ്ടും ധനവകുപ്പിനു കീഴിലുള്ള കിഫ്‌ബിയില്‍ വിജിലന്‍സ്‌ മിന്നല്‍പരിശോധനയ്‌ക്കെത്തിയതു ഡയറക്‌ടര്‍ ജേക്കബ്‌ തോമസിന്റെ പ്രതികാരനടപടിയുടെ ഭാഗമാണെന്നു ധനവകുപ്പ്‌ അധികൃതര്‍ ആരോപിക്കുന്നു. ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം ധനമന്ത്രി തോമസ്‌ ഐസക്കിനെയും ബോധ്യപ്പെടുത്തിയതായാണു സൂചന. ഏബ്രഹാമിനെ മറയാക്കി ഐസക്കിനെതിരേ ആഭ്യന്തരവകുപ്പിന്റെ പടയൊരുക്കമാണിതെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞദിവസവും വിജിലന്‍സ്‌ കിഫ്‌ബിയില്‍ പരിശോധനയ്‌ക്കെത്തിയെങ്കിലും ഉദ്യോഗസ്‌ഥരുടെ എതിര്‍പ്പുമൂലം മടങ്ങേണ്ടിവന്നിരുന്നു. ധനകാര്യ അഡീ. ചീഫ്‌ സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ അനുമതിയില്ലാതെ പരിശോധന അനുവദിക്കില്ലെന്നായിരുന്നു കിഫ്‌ബി ഉദ്യാഗസ്‌ഥരുടെ നിലപാട്‌. കെ.എം. എബ്രഹാം അസുഖത്തേത്തുടര്‍ന്ന്‌ അവധിയിലായിരിക്കേയാണ്‌ ഇന്നലെ വിജിലന്‍സ്‌ സംഘം വീണ്ടും പരിശോധനയ്‌ക്കെത്തിയത്‌. പരിശോധനയില്‍ സുപ്രധാനരേഖകള്‍ കസ്‌റ്റഡിയിലെടുത്തു.കിഫ്‌ബി പുതുതായി ആരംഭിക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പദ്ധതി റിപ്പോര്‍ട്ടുകളും നിര്‍മാണക്കരാര്‍ രേഖകളുമാണു വിശദപരിശോധനയ്‌ക്കായി കൊണ്ടുപോയത്‌. അതേസമയം, വിജിലന്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസിനെതിരേ അഴിമതിക്കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ അദ്ദേഹത്തിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി.

ബന്ധുനിയമനക്കേസില്‍ കുടുങ്ങിയ പോള്‍ ആന്റണിക്കു പകരം വ്യവസായ സെക്രട്ടറിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഫലം കണ്ടിട്ടില്ല.
പ്രതികാരമനോഭാവത്തോടെ കേസില്‍ കുടുക്കപ്പെട്ട പോള്‍ ആന്റണിക്കു പകരം ആ പദവി ഏറ്റെടുക്കാന്‍ താത്‌പര്യമില്ലെന്നു മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ ചീഫ്‌ സെക്രട്ടറിയെ അറിയിച്ചു. നിര്‍ബന്ധിതനിയമനം നല്‍കിയാല്‍ അവധിയെടുക്കാനുള്ള ആലോചനയിലുമാണ്‌ അവര്‍.

വ്യവസായവകുപ്പിന്റെ ചുമതലയൊഴിയാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നു പോള്‍ ആന്റണിയോട്‌ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങാത്ത സാഹചര്യത്തിലാണു മന്ത്രി മൊയ്‌തീന്‍ മുഖ്യമന്ത്രിക്ക്‌ ഇതുസംബന്ധിച്ചു കത്ത്‌ നല്‍കിയത്‌. മുന്‍മന്ത്രി ഇ.പി. ജയരാജന്റെ തീരുമാനത്തിനൊപ്പം നിന്നതിന്റെ പേരിലാണു കേസില്‍ പ്രതിയാകേണ്ടിവന്നതെന്നും ഇനിയും ആ സ്‌ഥാനത്തു തുടര്‍ന്നാല്‍ കൂടുതല്‍ കേസുകളില്‍പെടുമെന്നുമുള്ള ആശങ്ക പോള്‍ ആന്റണി മന്ത്രിയെ അറിയിച്ചതായാണു സൂചന. സര്‍വീസിലിരിക്കേ അഴിമതി നടത്തിയ ജേക്കബ്‌ തോമസിനെ കണ്ണടച്ചു വിശ്വസിക്കുകയാണു മുഖ്യമന്ത്രിയെന്ന പരാതിയാണ്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കുള്ളത്‌. ജേക്കബ്‌ തോമസ്‌ തുറമുഖ ഡയറക്‌ടറായിരിക്കേ, സര്‍ക്കാരിനു 30 കോടി രൂപയുടെ നഷ്‌ടം വരുത്തിവച്ചെന്ന കേസില്‍ വിജിലന്‍സ്‌ ഫയല്‍ അടച്ചതാണെന്നു മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, ആരോപണവിധേയന്‍തന്നെ വിജിലന്‍സ്‌ ഡയറക്‌ടറായിരിക്കേയാണു കേസ്‌ ഇല്ലാതായതെന്ന്‌ ഐ.എ.എസുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അടിസ്‌ഥാനസൗകര്യവികസനത്തിനായി രൂപീകരിച്ച കിഫ്‌ബിയുടെ പ്രവര്‍ത്തനം താളം തെറ്റിക്കാനാണു വിജിലന്‍സ്‌ നീക്കമെന്നു ധനവകുപ്പ്‌ ആരോപിക്കുന്നു.ക്രിയേറ്റീവ് വിജിലന്‍സിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍  പറഞ്ഞു. പ്രവാസികളില്‍ നിന്ന് ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്യ ജീവി ആക്രമണം തടയാന്‍ 110 കോടി ക്ക് വേലി, വ്യവസായ വകുപ്പിന്റെ 1246 കോടിയുടെ പദ്ധതികള്‍,611 കോടിയുടെ റോഡ് നവീകരണം തുടങ്ങിയാണ് കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികള്‍ .
വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ തോമസ് ഐസക്ക് വിജിലന്‍സുമായി കൊമ്പുകോര്‍ത്തിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയായിരുന്നു അന്ന് വിജിലന്‍സ് മേധാവി.ചെക്ക് പോസ്റ്റുകളിലെ അഴിമതി അന്വേഷിക്കുന്നതിന് അമരവിളയിലെത്തിയ ശ്രീലേഖയുമായി ഐസക്ക് കോര്‍ത്തു അഴിമതി രഹിത ചെക്ക് പോസ്റ്റ് എന്ന പദ്ധതിയുടെ പ്രചരണത്തിലായിരുന്നു അക്കാലത്ത് ഐസക്ക്.
എന്തിന്റെ പേരിലായാലും വിജിലന്‍സ് പരിശോധന വരുമ്പോള്‍ അത് അഴിമതിയായി വ്യാഖ്യാനിക്കപ്പെടും. കിഫ്ബി വിഷയത്തിലുള്ളത് കെ.എം.എബ്രഹാമും ജേക്കബ് തോമസും തമ്മിലുള്ള പടലപിണക്കമാണെങ്കിലും അത് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള വിഷയത്തിലെത്താനാണ് സാധ്യത.

Top