സ്വന്തം ലേഖകൻ
കൊല്ലം: ഗുഗിളിൽ പരനാറി എന്നു ടൈപ്പ് ചെയ്താൽ ലഭിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ടോപ്പ് ടെൻ ക്രിമിനലുകളുടെ പട്ടികയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയുണ്ടായ പിഴവ് കേരളത്തിൽ ഗൂഗിളിനെതിരെ പ്രതിഷേധം ശക്തമാക്കി. ഇതിനിടെ ഒരു വിഭാഗം സിപിഎം പ്രവർത്തകർ ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും ഗൂഗിൾ അക്കൗണ്ടുകൾക്കു നേരെ വ്യാപകമായ പ്രതിഷേധവും അസഭ്യവർഷവുമായി എത്തിയിട്ടുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സമയത്ത് കൊല്ലം സീറ്റിൽ മത്സരിച്ച ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എംപിയ്‌ക്കെതിരെയാണ് പിണറായി വിജയൻ പരനാറി പ്രയോഗം നടത്തിയത്. ഇടതു മുന്നണി വിട്ടതിനു പിന്നാലെ കോൺഗ്രസ് ടിക്കറ്റിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ മത്സരിച്ചതോടെയാണ് പ്രേമചന്ദ്രൻ സിപിഎമ്മിനും പിണറായിക്കും അനഭിമതനായത്. ഇതേ തുടർന്നാണ് പിണറായി വിജയൻ ഇദ്ദേഹത്തിനെതിരെ പരനാറി പ്രയോഗം നടത്തിയത്. ഈ ഒറ്റ പ്രയോഗത്തിന്റെ പേരിൽ കൊല്ലം സീറ്റിൽ പ്രേമചന്ദ്രൻ വിജയിക്കുകയായിരുന്നു.
ഗൂഗിളിൽ പരനാറി എന്നു ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ ആദ്യം വരുന്ന മൂന്നു ചിത്രങ്ങളും പിണറായി വിജയന്റേതാണ്. ഫോട്ടോഷോപ്പിൽ ചെയ്ത ഒരു ചിത്രവും രണ്ടു വാർത്തയുടെ കട്ടിങുകളും, പിണറായി വിജയന്റെ കാരിക്കേച്ചർ ഒരെണ്ണവുമാണ് ഒപ്പമുള്ളത്. സംഭവം വിവാദമായെങ്കിലും ഇതു വരെയും സർക്കാർ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.