കണ്ണൂര്‍: യോഗപരിശീലനത്തിലൂടെ ഹൈന്ദവ ആദര്‍ശങ്ങളെ കൂട്ടു പിടിച്ച സിപിഎം അടുത്ത തവണ സംസ്ഥാന ഭരണം പിടിക്കാന്‍ കൃഷ്ണനു മുന്നില്‍ കൈകൂപ്പുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനുവരി 15 മുതല്‍ നടത്തുന്ന നവകേരള മാര്‍ച്ചുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകളില്‍ ഹൈന്ദവ ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി കണ്ണൂര്‍ നഗരത്തില്‍ അമ്പാടിമുക്കിലുള്‍പ്പെടെയാണ് സിപിഎമ്മിന്റെ പേരില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
കുരുക്ഷേത്ര യുദ്ധത്തിനായി പുറപ്പെടുന്ന അര്‍ജ്ജുനന്റെയും ശ്രീകൃഷ്ണന്റെയും സ്ഥാനത്ത് പിണറായി വിജയനേയും പി.ജയരാജനേയും ചിത്രീകരിച്ചു കൊണ്ടുളള ബോര്‍ഡുകളാണ് അമ്പാടിമുക്ക് സഖാക്കളുടെയും പാര്‍ട്ടി കമ്മറ്റികളുടെയും പേരില്‍ സ്ഥാപിച്ചിരിക്കുന്നത്. അര്‍ജ്ജുനനായി പിണറായിയേയും കൃഷ്ണനായി ജയരാജനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏതാനും നാളുകളായി പാര്‍ട്ടി നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെ മത ചിഹ്നങ്ങള്‍ രാഷ്ട്രീയ പ്രചരണായുധമാക്കി വരികയാണ് കണ്ണൂരിലെ ഒരുവിഭാഗം സഖാക്കള്‍. ഇതിനെതിരെ കണ്ണൂര്‍ ജില്ലയിലേയും സംസ്ഥാനത്തെ തന്നെ ഒരുവിഭാഗം സിപിഎം നേതാക്കള്‍ പാര്‍ട്ടി യോഗങ്ങളില്‍ ശക്തമായി രംഗത്തു വന്നിരുന്നു.
ഈ പ്രദേശത്ത് മുന്‍പ് ബിജെപി നേതാക്കളായിരുന്നവരില്‍ ഒരു വിഭാഗം സിപിഎമ്മില്‍ ചേക്കേറിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഹൈന്ദവ ആത്മീയവല്‍ക്കരണം ആരംഭിച്ചിരിക്കുന്നത്. ഇതിന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെയും മറ്റു ചില നേതാക്കളുടേയും പിന്തുണയുമുണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളില്‍ അന്ത്യഅത്താഴത്തിന്റെ ചിത്രം വക്രീകരിച്ച് ചിത്രീകരിച്ചതും ബാലസംഘം നടത്തിയ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി പ്ലോട്ട് അവതരിപ്പിച്ചതും കേരളത്തില്‍ വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും അയ്യപ്പസേവയും നടത്തിയ സിപിഎം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ യോഗ പ്രദര്‍ശനപരിപാടിയും സംഘടിപ്പിച്ചിരുന്നു. ആത്മീയതക്കെതിരെ പ്രസ്താവനകള്‍ ഇറക്കുന്ന ഡിവൈഎഫ്‌ഐക്ക് സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ ഉത്തരമില്ലാതായിരിക്കുയാണ്. പാര്‍ട്ടിക്ക് ഹൈന്ദവ പരിവേഷം നല്‍കുന്ന തരത്തിലുളള പ്രചരണം ന്യൂനപക്ഷങ്ങളോടടുക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കളും ഒരു വിഭാഗം പാര്‍ട്ടി നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുള്ളതായും അറിയുന്നു.