വീട്ടിൽ ചിരിക്കും, ഗൗരവക്കാരനുമല്ല: വീട്ടുകാർക്കു തന്നെ സഹിക്കാൻ ബുധിമുട്ടില്ലെന്നു പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ വലിയ കാർക്കശ്യക്കാരനും ഗൗരവക്കാരനുമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആ പിണറായി വിജയനെ എങ്ങനെയാണ് വീട്ടുകാർ സഹിക്കുന്നത്. ചോദ്യം പിണറായിയോട് തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കിലൂടെ യുവാക്കളോട് സംവദിക്കുന്ന പരിപാടിയുടെ ഭാഗമായാണ് പിണറായിയുടെ മുന്നിൽ ഈ ചോദ്യം അവതരിപ്പിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ വീട്ടുകാർക്ക് തന്നെ സഹിക്കാൻ എന്തെങ്കിലും പരിഭവമുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. താൻ ഈ പരിപാടിക്ക് ഇറങ്ങുമ്പോളും കൊച്ചുമകൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ എത്തി. അത് ക്രൂരമുഖക്കാരനോട് സ്വീകരിക്കുന്ന സമീപനമല്ലല്ലോയെന്നും പിണറായി ചോദിച്ചു. ഇത്തരം മുഖമെല്ലാം ചിലർ ചാർത്തി തരുന്നതാണ്. ചിലരെ ചിലതായി ചിത്രീകരിക്കാനുള്ള താൽപര്യത്തിന്റെ ഭാഗമായാണ് അവരിത് ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി.

അര മണിക്കൂർ സമയമായിരുന്നു പിണറായി ജനങ്ങളുമായി ഫെയ്‌സ്ബുക്കിൽ സംവദിച്ചത്. 4000ത്തോളം ചോദ്യങ്ങളായിരുന്നു ഉന്നയിക്കപ്പെട്ടത്. ഇതിലെ തിരഞ്ഞെടുത്ത ചില ചോദ്യങ്ങളോടാണ് പിണറായി പ്രതികരിച്ചത്. ഇന്ന് രാത്രി 9ന് ഡോ.തോമസ് ഐസക്കും എൽഡിഎഫ് പേജിൽ ലൈവിലെത്തുന്നുണ്ട്. വരും ദിവസങ്ങളിൽ വിഎസും സമാനമായി ലൈവ് സംസാരത്തിനെത്തുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംവാദം നടത്തിയിരുന്നു.

അടുത്തതായി അധികാരത്തിലെത്തുന്ന ഇടതു സർക്കാർ നിയമ വിരുദ്ധമായി പ്രവർത്തിച്ചവർക്ക് പേടിസ്വപ്‌നമായിരിക്കുമെന്ന് പിണറായി സംവാദത്തിൽ പറഞ്ഞു. കള്ളന്മാർക്ക് ഒരു സംരക്ഷണവും ലഭിക്കില്ല. എന്നാൽ ഇതിലൊന്നും രാഷ്ട്രീയ പകപോക്കൽ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. കുറ്റം ചെയ്തവർ നിയമങ്ങളുടെ കരങ്ങളിൽ പെടണമെന്നും പിണറായി പറഞ്ഞു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഇപ്പോളാ ആ അവസ്ഥയല്ല നാട്ടിലെന്നും പിണറായി പറഞ്ഞു. ഇടതുപക്ഷം അധികാരത്തിലെത്തിയാൽ അക്രമ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുമെന്നും പിണറായി പറഞ്ഞു. 200611 കാലത്ത് കേരളം ക്രമസമാധാനത്തിൽ ഒന്നാമതായിരുന്നെന്നും പിണറായി ഓർമ്മിപ്പിച്ചു. ഇടതുപക്ഷം അധികാരത്തിലെത്തിയാൽ പിൻവാതിൽ നിയമനം കേരളത്തിലുണ്ടാകില്ല. മുൻപുള്ള നിയമനങ്ങൾ പരിശോധിക്കും. എല്ലാ നിയമനങ്ങളും പിഎസ്‌സി വഴിയാക്കുമെന്നും പിണറായി ഉറപ്പ് നൽകി.

പ്രചരണരീതികൾ, പാട്ടുകൾ നാടൻ പാട്ട്, നാടകം, ഓട്ടംതുള്ളൽ, പല മാർഗങ്ങൾ തുടങ്ങിയവയായിരുന്നു പഴയകാല രീതികളെന്നും ഇപ്പോൾ നവമാധ്യമത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ഇടതു പ്രചരണത്തിന് കഴിയില്ലെന്നും പിണറായി പറഞ്ഞു. സാമൂഹ്യനീതിയിലും തുല്യതയിലും അടിസ്ഥാനപ്പെടുത്തിയുള്ള വികസനമായിരിക്കും ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. ആ വികസനത്തിൽ പരിസ്ഥിതിക്ക് വലിയ പ്രാധാന്യമുണ്ടാകും. കേരള വികസനത്തിന് നദികളെ സംരക്ഷിക്കണമെന്നും പിണറായി പറഞ്ഞു. ജൈവപച്ചക്കറി കേരളത്തിൽ കൂടുതൽ സജീവമാക്കും. പച്ചക്കറികൾ കയറ്റിയയ്ക്കുന്ന നിലയിലേക്കാകും പച്ചക്കറി കൃഷി. പുറത്തുനിന്ന് വരുന്ന പച്ചക്കറികൾ ഏജൻസികൾ മുഖേന മാത്രമാകും. ഗുണമേൻമയില്ലാത്ത പച്ചക്കറി ഇറക്കുമതി ചെയ്യുന്നവരെ ജയിലിലടയ്ക്കുമെന്നും പിണറായി മുന്നറിയിപ്പ് നൽകി.

ടൂറിസം പ്രകൃതിയെ നിലനിർത്തിയാകും നടപ്പിലാക്കുന്നത്. ഉത്തരവാദിത്ത ടൂറിസമാണ് ഇടതുപക്ഷനയം. പ്രവാസി മലയാളികളെ ഉപയോഗിച്ച് സംരംഭങ്ങൾ കേരളത്തിൽ നടപ്പിലാക്കുമെന്നും പിണറായി പറഞ്ഞു. പ്രവാസികൾ നാട്ടിലെത്തുമ്പോൾ പുനരധിവസിപ്പിക്കാൻ സംവിധാനമൊരുക്കും. യുവാക്കളെ ചിലതോർമ്മിപ്പിച്ചാണ് പിണറായി സംവാദം അവസാനിപ്പിച്ചത്. യുവാക്കൾ നാടിന്റെ ചാലകശക്തിയാണെന്ന് പിണറായി പറഞ്ഞു. തെറ്റുകൾക്കെതിരെ പോരാടാൻ യുവാക്കൾ രംഗത്തിറങ്ങണം. കേരളത്തെ ചിലർ കൊള്ളരുതായ്മകളുടെ കേന്ദ്രമാക്കിയിട്ടുണ്ട്. ഇവരെ നിഷ്‌കാസനം ചെയ്യാൻ ചെറുപ്പക്കാർ രംഗത്തിറങ്ങണം. ഇതിനായി യുവത്വത്തിന്റെ പ്രസരിപ്പും കഴിവും ഉപയോഗിക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.

Top