തൃശ്ശൂര്‍: ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളില്‍ പോലീസിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ അംഗീകരിക്കില്ലെന്ന് പിണറായി തൃശ്ശൂരില്‍ പറഞ്ഞു. പോലീസിനെതിരായ പ്രചാരണത്തില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ പോലീസ് അക്കാദിയില്‍ എസ്‌ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് നേരിട്ട രീതിയ്‌ക്കെതിരായി കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് പിണറായിയുടെ പ്രസംഗം.
ജനങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഗുണ്ടാമാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് പോലീസ് ശക്തമായ നടപടി സ്വീകരിക്കണം.
എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന പോലീസാണ് വേണ്ടത്. നിയമവാഴ്ചയോടുള്ള ആദരവും അച്ചടക്കവും കൈമുതലായുള്ള പോലീസാണ് ആവശ്യമെന്നും പിണറായി പറഞ്ഞു