തിരുവനന്തപുരം: യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് ഇന്നലെ വരെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞവരാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ ഒഴിവാക്കാനാകില്ലെന്നും പിണറായി പറഞ്ഞു.
സ്വാശ്രയ പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഹര്‍ത്താല്‍.നേരത്തെ ഹര്‍ത്താലിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നു. എം.എം ഹസന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ വിരുദ്ധ സമരങ്ങളും യു.ഡി.എഫ് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരിഹാസം.
അതേസമയം യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ എട്ടുദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം പൊളിഞ്ഞതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് സമരപ്പന്തല്‍ കാലിയായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ മഹേഷും സെക്രട്ടറി ഡീന്‍ കുര്യാക്കോസുമായിരുന്നു നിരാഹാരം അനുഷ്ഠിച്ചു വന്നത്. ഇവര്‍ ആശുപത്രിയിലായതോടെ സമരപ്പന്തലും കാലിയായി.ഇന്നലെയും സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നിയന്ത്രിച്ചതോടെയാണ് നിരാഹാര സമരം പാളിയത്. അക്രമാസക്തരായ അണികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. നിരാഹാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തക്കം പാര്‍ത്തിരുന്ന നേതാക്കള്‍ ഇതൊരവസരമായി കണ്ടു. ശാരീരിക ക്ഷീണമെന്ന കാരണം പറഞ്ഞ് ഇവര്‍ ആശുപത്രിയിലേക്ക് രക്ഷപെട്ടു. ഇതോടെ നിരാഹാര സത്യഗ്രഹം മുറിഞ്ഞു.
അനിശ്ചിതകാലസത്യഗ്രഹം പ്രഖ്യാപിച്ചതിനാല്‍ പകരം ആരു കിടക്കുമെന്ന തര്‍ക്കമായിരുന്നു പിന്നീട്. തര്‍ക്കത്തിനിടെ പ്രധാന നേതാക്കള്‍ മുങ്ങി. അടുത്ത ഊഴം തങ്ങള്‍ക്കായിരിക്കുമെന്ന് ഉറപ്പിച്ച രണ്ടാംതര നേതാക്കളും സ്ഥലം കാലിയാക്കി. വാടകയ്ക്കെടുത്തതുള്‍പ്പെടെ ഏതാനും അണികള്‍ മാത്രമായി പിന്നെ. സന്ധ്യയായതോടെ ഇവരും സ്ഥലം വിട്ടു. വൈകുന്നേരം ഏഴോടെ ഒഴിഞ്ഞ കസേരകള്‍ മാത്രമായിരുന്നു സമരപ്പന്തലില്‍.
അഞ്ചുദിവസം പിന്നിട്ടിട്ടും അനാവശ്യ സമരത്തെ മാധ്യമങ്ങള്‍ അവഗണിച്ചിരുന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര പൊതുജന ശ്രദ്ധ ലഭിച്ചില്ല. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മാധ്യമശ്രദ്ധ ലഭിക്കണമെങ്കില്‍ പൊലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷമുണ്ടാക്കണമെന്ന നിര്‍ദ്ദേശവും നേതാക്കള്‍ യൂത്തന്‍മാര്‍ക്ക് നല്‍കി. തുടര്‍ന്നാണ് സമരപ്പന്തലിന് മുന്‍വശം ഗതാഗതക്കുരുക്കിലകപ്പെട്ട മന്ത്രി കെ രാജുവിന്റെ കാറിനുനേരെ ആക്രമമുണ്ടായത്.
പൊലീസ് സംയമനം പാലിച്ചതിനാല്‍ സമരക്കാരുടെ ഉദ്ദേശ്യം നടന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതും കണ്ണൂരില്‍ മന്ത്രി കെ കെ ശൈലജയെ തടഞ്ഞതും. കരിങ്കൊടി കാട്ടിയ പ്രതികളെ പൊലീസ് കേസെടുത്ത് വിട്ടയച്ചതോടെ വീണ്ടും യൂത്തന്‍മാരുടെ പ്രതീക്ഷ അസ്തമിച്ചു. ഇത്രത്തോളമായപ്പോള്‍ സമരം എങ്ങിനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നായി നിരാഹാരക്കാര്‍ക്ക്. ഇതിനാണ് മന്ത്രി കെ കെ ശൈലജയുമായി ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ നിലപാടിലുറച്ചുനിന്നതോടെ അതും പാളി.
സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പൊലീസിനെ സമരപ്പന്തലിലേക്ക് എത്തിക്കുകയായിരുന്നു പിന്നത്തെ ലക്ഷ്യം.
ഇതിനായി നിരവധി കേന്ദ്രങ്ങളില്‍ നിന്ന് വാടക ഗുണ്ടകളെ ഇറക്കി. ക്രിമിനല്‍ കേസിലുള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്നലെ തലസ്ഥാനത്തെത്തി. ഇവര്‍ സമരപ്പന്തലിന് സമീപത്ത് നിന്ന് പൊലീസിനെ അക്രമിച്ചു. കല്ലും കുപ്പികളും കുറുവടികളും കസേരകളും പൊലീസിന് നേരെ എറിഞ്ഞു.
സഹികെട്ട പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. അക്രമികള്‍ സമരപ്പന്തല്‍ കേന്ദ്രീകരിച്ച് നിന്നതിനാല്‍ പൊലീസിന് മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. രംഗം കൊഴുപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ നേരത്തെ തന്നെ സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നിരുന്നു. സമരപ്പന്തലിന് സമീപത്ത് നിന്ന അക്രമികളെ ലക്ഷ്യമാക്കി എറിഞ്ഞ ഗ്രനേഡ് പൊട്ടിയതോടെ സമരക്കാരുടെ ഉദ്ദേശം ഫലിച്ചു. കാത്തിരുന്ന അവസരത്തില്‍ നേതാക്കള്‍ ആശുപത്രിയിലേക്ക് രക്ഷപ്പെട്ടു. വൈകുന്നരത്തോടെ വാടകയ്ക്കെടുത്ത അണികളും സമരപ്പന്തല്‍ വിട്ടു.
അതേസമയം ഹര്‍ത്താല്‍ വിരുദ്ധത ആവര്‍ത്തിച്ച് പ്രഖ്യാപിച്ച യു.ഡി.എഫ് തന്നെ പ്രതിപക്ഷത്തായപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ ഔചിത്യം ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്തു വന്നു. കഴിഞ്ഞ മാര്‍ച്ച് 29ന് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച് ചെന്നിത്തലയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇവ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.മാത്രമല്ല ഇന്നു പ്രതിപക്ഷനേതാവായിരിക്കുന്ന ചെന്നിത്തലയുടെ അന്നത്തെ പോസ്റ്റും സരസമായ തിരിച്ചടിക്കുറിപ്പും എഴുതി സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നു.