തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ആലുവ സപ്ലൈ ഓഫീസില്‍ വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം. ഭരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഈ നയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നില്‍ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചെങ്കിലും ചിലര്‍ ഉദ്യോഗസ്ഥര്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല.
പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസം ആലുവയില്‍ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നത് ചില ഉദ്യോഗസ്ഥര്‍ മാറാന്‍ തയ്യാറായില്ലെന്നതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും. ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേദിവസം ഓഫീസുകള്‍ കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. ഭരണവും ഭരണ നിര്‍വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.