കോഴിക്കോട്: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യം ആസുത്രണ ചെയ്തത് മുഖ്യപ്രതി പള്‍സര്‍ സുനി ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി ഇപ്പോള്‍ പറയാനാകില്ല. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റകൃത്യം പ്രധാന പ്രതിയുടെ മാത്രം ആസൂത്രണമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ചലച്ചിത്രമേഖലയുമായി ബന്ധപ്പെടുത്തി വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. മറ്റാരെയെങ്കിലും കുറ്റവാളികളായി കണ്ടെത്തുന്നത് വരെ അത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. പ്രതിയെ പിടികൂടിയ രീതിയില്‍ തെറ്റില്ലെന്നും അദേഹം പറഞ്ഞു.
മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു വന്നശേഷം സംഘപരിവാറിന് മറുപടി നല്‍കാമെന്നും പിണറായി വിജയന്‍ പറഞ്ഞു. മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കും. പോയി വന്നതിന് ശേഷം ആര്‍എസ്എസ് പ്രതിഷേധത്തിനെ കുറിച്ച് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ വാക്കുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും വൈകാരികമായി മാത്രമേ ആ പ്രതികരണത്തെ കാണുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമയം കിട്ടാത്തതിനാലാണ് ജിഷ്ണുവിന്റെ വീട് ഇതുവരെ സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ജിഷ്ണുവിന്റെ വീട് സന്ദര്‍ക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
നാളെയാണ് മംഗളൂരുവില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടി. മംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയനെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ആര്‍എസ്എസ് ഭീഷണി.