
മംഗളൂരു: കര്‍ണ്ണാടകയിലെ പ്രോഗ്രാം തടസ്സപ്പെടുത്താനും അവിടെ കാലുകുത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ സംഘപരിവാറുകാര്‍ക്ക് ശക്തമായ മറുപടിയുമായി പിണറായി വിജയന്‍. ആര്‍എസ്എസുകാരെ കണ്ടുതന്നെയാണ് ഞാന്‍ വളര്‍ന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പഠിച്ചിറങ്ങിയ ആളാണ് ഞാനെന്ന് ഓര്‍ക്കണം. അന്ന് ആര്‍എസ്എസ് ഉയര്‍ത്തിയ കത്തിക്കും വടിവാളിനും നടുവിലൂടെ നടന്നുപോയവനാണ് ഞാന്‍. ഇപ്പോഴുള്ള ആര്‍എസ്എസുകാര്‍ക്ക് അതറിയില്ലെങ്കില്‍ പഴയ ആളുകളോട് ചോദിക്കണം. അന്ന് എന്നെ തടയാന്‍ കഴിയാത്ത ആര്‍എസ്എസ് ഇന്ന് എന്തു ചെയ്യാനാണെന്നും പിണറായി ചോദിച്ചു. മംഗളൂരുവില്‍ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശില്‍ പോയപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ എന്നെ തിരിച്ചയച്ചു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ മറ്റൊരു സംസ്ഥാനത്തു വരുമ്പോള്‍ ചില ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെ ഇന്ദ്രനായാലും ചന്ദ്രനായാലും ഒരിടത്തും തടയാന്‍ കഴിയില്ല. ഒരു ദിവസം ആകാശത്തുനിന്നു പൊട്ടിവീണ ആളല്ല ഞാന്‍. ആര്‍എസ്എസിനെ നന്നായി അറിയാം- പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഭീഷണികള്‍ക്കിടയിലും ആവശ്യമായ സുരക്ഷയൊരുക്കിയ കര്‍ണാടക സര്‍ക്കാരിനും ആര്‍എസ്എസ് അജണ്ടയ്ക്ക് എതിരെ നിന്ന മാധ്യമങ്ങള്‍ക്കും പിണറായി നന്ദി പറഞ്ഞു.