ദുബായ്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം ശ്രദ്ധേയമാകുന്നു. പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പുവരുത്തുകയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. യു.എ.ഇയിലെ വിവിധ ജനവിഭാഗങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തി ജനകീയ മുഖം വീണ്ടെടുക്കാനുള്ള ശ്രമവും ഉണ്ട്. ബുധനാഴ്‌ച്ച ഉച്ചയോടെ ദുബായിലെത്തിയ പിണറായി പതിവില്‍ നിന്ന് വിപരീതമായി മാധ്യമ പ്രവര്‍ത്തകരുമായി ഒരു മണിക്കൂറോളം ആശയ വിനിമയം നടത്തി. താന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നിരന്തരം മാധ്യമങ്ങളിലൂടെ അക്രമിക്കപ്പെട്ടിരുന്നതായി പിണറായി വിജയന്‍ വെളിപ്പെടുത്തി. സെക്രട്ടറി പദം ഒഴിഞ്ഞതോടെ ആക്രമണം കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടിക്കാഴ്‌ച്ചയില്‍ പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും വിശദീകരിക്കാനാണ് കൂടുതല്‍ സമയവും ഉപയോഗിച്ചത്.
യു.എ.ഇയിലെ വാണിജ്യ വ്യാപാര രംഗത്തെ പ്രമുഖരുമായും പിണറായി കൂടിക്കാഴ്‌ച്ച നടത്തി. സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ കേരളവും ഇന്ത്യയും നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് ചര്‍ച്ച നടന്നത്. സംസ്‌ഥാനത്തിന്റെ വികസനത്തെ കുറിച്ചുള്ള വ്യവസായികളുടെ അഭിപ്രായങ്ങളും പിണറായി ആരാഞ്ഞു. വിവിധ സംഘടനകളുടെ പ്രതിനിധികളുമായും ആശയ വിനിമയം നടത്തിയ അദ്ദേഹം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക താനാണെന്ന വ്യക്‌തമായ സന്ദേശമാണ് നല്‍കിയത്. അടുത്ത കേരള മുഖ്യമന്ത്രി എന്ന നിലയിലാണ് ഗള്‍ഫ് മേഖലയിലെ പാര്‍ട്ടി അനുകൂല സംഘടനകളുടെ പ്രതിനിധികളും പിണറായിയെ സ്വീകരിക്കുന്നത്.
അതേ സമയം കൈരളി ടി.വി മാനേജിങ്ങ് ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസാണ് സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്. ഇന്ന് ദുബായില്‍ നടക്കുന്ന ഇന്തോ അറബ് കള്‍ച്ചറല്‍ ഫെസ്‌റ്റില്‍ മുഖ്യാതിഥിയാണ് പിണറായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വേളയില്‍ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ ഈ തരത്തിലുള്ള കൂടിക്കാഴ്‌ച്ചകള്‍ പിണറായി നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അത് ഇടതുപക്ഷത്തിന് അനുകൂലമാക്കാനും സന്ദര്‍ശനം സഹായകരമാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.