തിരുവനന്തപുരം: ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ.എംകെ ദാമോദരന് പരസ്യ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഫലം വാങ്ങിയല്ല ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കേസുകള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഏത് ഏറ്റെടുക്കണം ഏത് തള്ളണം എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും, കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കേസിലെ പ്രതിക്കായും എം.കെ.ദാമോദരന്‍ കോടതിയിലെത്തിയത് വിവാദമായിരുന്നു. സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്‌ടാവ് കോടതിയില്‍ വാദിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പ്രതിപക്ഷം എം.കെ.ദാമോദന്‍റേയും, ഡിജിപി മഞ്ചേരി ശ്രീധരന്‍നായരുടേയും വിഷയം സഭയില്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.
അഞ്ച് കോടി രൂപയുടെ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് മഞ്ചേരി ശ്രീധരനെന്നും അതിനാല്‍ ഇദ്ധേഹത്തെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ശ്രീധരന്‍ നായര്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും, തട്ടിപ്പായിരുന്നില്ല സ്ഥാപനത്തിനായി വായ്പ എടുക്കാന്‍ ശ്രമിച്ചതായിരുന്നു അതെന്നുമാണ് നിയമസഭയില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.