കേന്ദ്രം ഭരിക്കുന്നവര്‍ ഹിറ്റ്‌ലറിനേയും മുസോളനിയേയും മാതൃകയാക്കിവരെന്ന് മുഖ്യമന്ത്രി; കേരള സംഘത്തിന് പ്രധാന മന്ത്രി അനുമതി നിഷേധിച്ചു

തിരുവനന്തപുരം: നോട്ടു നിരോധനത്തിന് പിന്നാലെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ഡല്‍ഹിക്കു പോകാനിരുന്ന കേരള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചില്ല. പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിനു സമയം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്. നിയമസഭയുടെ വികാരം പ്രധാനമന്ത്രി ഉള്‍ക്കൊണ്ടില്ല. സംഭവത്തില്‍ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ധനമന്ത്രിയെ കാണാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത്. ധനമന്ത്രിയെ കാണാനായി മാത്രം ഡല്‍ഹിക്കു പോകുന്നില്ല. കേന്ദ്രം ഭരിക്കുന്നവര്‍ ഹിറ്റ്ലറിനെയും മുസോളിനിയേയും മാതൃകയാക്കിയവരാണ്. അത്തരക്കാരില്‍നിന്ന് ജനാധിപത്യ മര്യാദ പ്രതീക്ഷിക്കേണ്ടതില്ലെന്ന് മനസിലായി. പ്രധാനമന്ത്രിയുടെ നിലപാടില്‍ സംസ്ഥാനത്തിനുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍കക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച നരേന്ദ്ര മോദിയുടെ നിലപാട് പ്രധാനമന്ത്രിയുടെ പദവിക്ക് ചേരുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരു പ്രധാനമന്ത്രിയും ഇതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതി ആകാനാണോ മോദിയുടെ ശ്രമമെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തെ അവഹേളിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഈ തീരുമാനം ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കാണുന്നതിന് വ്യാഴാഴ്ച ഡല്‍ഹിക്കു പോകാനാണ് സര്‍വകകക്ഷി സംഘം തീരുമാനിച്ചിരുന്നത്. സഹകരണ മേഖലയെ തകര്‍ക്കുന്ന തീരുമാനങ്ങളില്‍ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സന്ദര്‍ശിച്ചു നിവേദനം നല്‍കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നത്. സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട ബിജെപി നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

Top