കേരളവര്‍മ കോളേജ് സംഭവം ആപല്‍സൂചന,പിണറായി ഫെയ്‌സ്ബുക്കില്‍

തിരുവനന്തപുരം:മാട്ടിറച്ചിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തി ദാദ്രിയില്‍ അഖ്‌ലാക്ക് എന്ന ഗൃഹനാഥനെ പൈശാചികമായി കൊലപ്പെടുത്തി തുടക്കമിട്ട വര്‍ഗീയസംഘര്‍ഷങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സംഘപരിവാര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വകവെച്ചു കൊടുക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. പിണറായി പറഞ്ഞു. ഉത്തരേന്ത്യന്‍ ശൈലിയില്‍ കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ സംഭവങ്ങളെന്നും പിണറായി വിജയന്‍ പറഞ്ഞു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബീഫ് ഫെസ്റ്റിവലിനെയും തുടര്‍ന്നുള്ള സംഭവവികാസങ്ങളെയും കുറിച്ചുള്ള പ്രതികരണം പിണറായി പങ്കുവെച്ചത്

പിണറായിയുടെ പോസ്റ്റ് പൂര്‍ണ്ണമായി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരേന്ത്യൻ ശൈലിയിൽ കേരളത്തെ വർഗീയ വല്ക്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ് തൃശൂർ കേരള വർമ്മ കോളേജിലെ സംഭവങ്ങൾ.
മാട്ടിറച്ചിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തി ദാദ്രിയില്‍ അഖ്ലാക്ക് എന്ന ഗൃഹനാഥനെ പൈശാചികമായി കൊലപ്പെടുത്തി തുടക്കമിട്ട വര്‍ഗീയസംഘര്‍ഷങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സംഘപരിവാർ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്.
കേരള വർമ്മ കോളേജിലെ വിദ്യാർഥികൾ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വർഗീയ വാദികൾ അല്ല. അവിടെ മാംസാഹാരം വിതരണം ചെയ്ത വിദ്യാര്‍ഥികളെ ആക്രമിക്കുകയും കോളേജ് യൂണിയൻ ഓഫീസ് തകർക്കുകയും ചെയ്ത ആര്‍എസ്എസ്-എബിവിപി സംഘം ഒടുവിൽ അധ്യാപകർക്കുനെരെയും തിരിഞ്ഞിരിക്കുന്നു. അക്രമത്തിൽ പ്രതിഷേധിച്ച അധ്യാപിക ദീപ നിശാന്തിനും അച്ചടക്കസമിതി ചെയര്‍മാന്‍ ജോണ്‍സ് കെ മംഗലം, അധ്യാപകന്‍ അരുണ്‍ എന്നിവര്‍ക്കുമെതിരെ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുന്നു.
വര്‍ഗീയതയ്ക്കെതിരെ സംസ്കൃത സര്‍വകലാശാലയിലെ റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ സര്‍വകലാശാലാ ക്യാന്റീന്‍ പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി-ഗവേഷക സംഗമത്തിന് സര്‍വകലാശാലാ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണ് മറ്റൊരു സംഭവം.
വർഗീയതയ്ക്കെതിരെ പ്രതികരിക്കുന്നവരെ തകർത്തുകളയും എന്ന ധാർഷ്ട്യം വകവെച്ചു കൊടുക്കാൻ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. വിദ്യാലയത്തെ ക്ഷേത്രമാണെന്ന് പ്രചരിപ്പിച്ച് മാംസം അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളെയും അവര്‍ണരേയും അകറ്റുമെന്ന്‌ ആശങ്കപ്പെടുന്ന അധ്യാപികയുടെ ശബ്ദം ഒറ്റപ്പെട്ടതല്ല. കേരളം വർഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണം.

ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ച അധ്യാപികയ്ക്കു നേരെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും കോളേജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് വിവാദമായിരുന്നു. സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു.വര്‍ഗീയതയ്‌ക്കെതിരെ സംസ്‌കൃത സര്‍വകലാശാലയിലെ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ സര്‍വകലാശാലാ ക്യാന്റീന്‍ പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥിഗവേഷക സംഗമത്തിന് സര്‍വകലാശാലാ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെയും പിണറായി വിമര്‍ശിച്ചു. കേരളം വര്‍ഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണം. അദ്ദേഹം പറഞ്ഞു.

Top