മംഗളൂര്‍: സംഘപരിവാര്‍ പ്രതിഷേധത്തിനിടെയെ മംഗ്ലുരുവില്‍ എത്തുന് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷാ സംവിധാനമൊരുക്കി കര്‍ണാടക സര്‍ക്കാര്‍. 4000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുളളത്. കൂടാതെ 700 സിസിടിവി ക്യാമറകളും ആറ് ഡ്രോണുകളും റാലി പോകുന്ന വഴികളില്‍ നിരീക്ഷണത്തിനുണ്ടാകും. മദ്യശാലകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി 23 മജിസ്ട്രേറ്റുമാരെ നഗരത്തിന്റെ പല ഭാഗത്തുമായി തയ്യാറാക്കി നിര്‍ത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം കര്‍ശന സുരക്ഷയും പ്രതിഷേധങ്ങളും ശക്തമായതോടെ സംഘപരിവാര്‍ സംഘടനകള്‍ പിന്‍വാങ്ങിയിട്ടുണ്ട്. പിണറായിയെ തടയില്ലെന്നാണ് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ ഇന്നു പറഞ്ഞത്. പ്രതിഷേധം അറിയിക്കാനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ പ്രവര്‍ത്തകരുടെ വികാരം പിണറായി മനസിലാക്കട്ടെ. കേരളത്തില്‍ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മംഗളൂരുവില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷയില്‍ കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ച് എത്തിചേര്‍ന്നു.
റെയില്‍വെ എസ്പിയുടെ നേതൃത്വത്തില്‍ വന്‍സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടികളെ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും സിപിഐഎം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയുടെ ഉദ്ഘാടനവുമാണ് മംഗളൂരുവിലെ പിണറായിയുടെ പരിപാടികള്‍.
സംഘപരിവാറിന്റെ ഭീഷണിക്കിടയിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ഇന്നലെ വ്യക്തമാക്കിയിരുന്നു. കേരള മുഖ്യമന്ത്രിക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉറപ്പ് നല്‍കിയിരുന്നു. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലെ മത സൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലെന്നതാണ് സംഘപരിവാറിന്റെ വാദം.
എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന്റെ നേതാവും കേരളം ഭരിക്കുന്ന ഏകാധിപതിയുമാണ് പിണറായിയെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡണ്ട് എംബി പുരാണിക് ആരോപിച്ചിരുന്നു. നേരത്തെ മധ്യപ്രദേശിലെ ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ എത്തിയപ്പോഴും സംഘപരിവാര്‍ തടഞ്ഞിരുന്നു.