വിദേശത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദമായി നിൽക്കവെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ നേരില്‍കണ്ട് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.
ഓര്‍ഡിനന്‍സിന്‍റെ കാര്യത്തില്‍ ഇന്ന് ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. ഡി–ലിറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി വിവാദത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞതിനുശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി അദ്ദേഹത്തെ കാണുന്നത്.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ദിവസം തന്നെ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകുന്നതിന്‍റെ സൂചനയാണ്. ഇന്നലെ വൈകിട്ട് അഞ്ചിന് തലസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഒരുമണിക്കൂറിനുശേഷം തന്നെ രാജ്ഭവനിലെത്തി.
കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാനിടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ ഭേഗദതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ ഗവര്‍ണര്‍ നല്‍കിയ കത്തിന് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കിയിരുന്നു.
മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ നാളെത്തന്നെ അദ്ദേഹം ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
സര്‍വകലാശാല വിവാദങ്ങളില്‍ അയഞ്ഞ ഗവര്‍ണര്‍ ചാന്‍സലറുടെ ചുമതലനിര്‍വഹിച്ച് തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സ് ഒപ്പിടാതെ പിടിച്ചുവച്ചത്. മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമെതിരായ പരാതി ലോകായുക്ത പരിഗണിക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന് പിന്നിലുള്ളത് രാഷ്ട്രീയ താല്‍പര്യമാണെന്ന് പ്രതിപക്ഷം ഗവര്‍ണറോട് പരാതിപ്പെട്ടിരുന്നു.