സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍േദശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ സദാചാര ഗുണ്ടാവിളയാട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. ഇത്തരം ക്രിമിനല്‍ ചട്ടമ്പിത്തരങ്ങള്‍ കേരളത്തില്‍ അനുവദിക്കുകയില്ല. വാലന്റൈന്‍സ് ദിനത്തില്‍ കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചിലെത്തിയ യുവതീയുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ചതായും ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ സദാചാര ഗുണ്ടാവിളയാട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
വാലന്റയന്‍സ് ദിനത്തില്‍ കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചിലെത്തിയ ചെറുപ്പക്കാരായ യുവതീയുവാക്കളെ ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വ്യക്തമായ നിയമവ്യവസ്ഥകള്‍ പ്രകാരം കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചു.
യുവതീയുവാക്കളെ സദാചാരഗുണ്ടകള്‍ ആക്രമിക്കുന്നതും അക്രമത്തിനിരയായവര്‍ യാചിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അക്രമികള്‍ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സംസ്‌കാരികബോധത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയ്യേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു എന്നത് കടുത്ത നിയമലംഘനമാണ്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആളിനേയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ ക്യാമ്പസുകളിലോ പാര്‍ക്കുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ സംസാരിച്ചിരിക്കുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി അത് സദാചാരവിരുദ്ധമായ കാര്യമായി പ്രചരിപ്പിച്ചു തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് എല്ലാവരും മനസ്സിലാക്കണം. ഇത്തരം ക്രിമിനല്‍ ചട്ടമ്പിത്തരങ്ങള്‍ കേരളത്തില്‍ അനുവദിക്കുകയില്ല. ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.