
തിരുവനന്തപുരം: കേരളത്തിലെ പോലീസ് രാജിനെതിരെ സിപിഎമ്മിലും പ്രതിഷേധം പുകയുന്നു. എഴുത്തുകാരന്‍ കമല്‍ സി ചവറയെക്കെതിരെയുള്ള പോലീസ് നടപടിയും പിന്നാലെ മാധ്യമ പ്രവര്‍ത്തകനായ നദീറിനെ അറസ്റ്റ് ചെയ്ത നടപടിയിലും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നതെങ്കിലും പിണറായി വിജയന്‍ ഇക്കാര്യത്തില്‍ തുടരുന്ന നിശബ്ദതയാണ് അണികള്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കുന്നത്.
കേരളത്തിലെ പോലീസ് ഭരണത്തിനെതിരെ സിപിഎമ്മിലെ ദേശിയ തലത്തിലും കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകളില്‍ വിരുദ്ധമായി കേരളത്തിലെ പോലീസ് ഭരണം നടക്കുന്നത് ദേശിയ തലത്തില്‍ സിപിഎമ്മിനെയും കടുത്ത പ്രതിരോധത്തിലാക്കുകയാണ്.
സംസ്ഥാനത്ത് വ്യാപകമാകുന്ന പൊലീസ് അതിക്രമങ്ങളിലുള്ള അസ്വസ്ഥത ദേശീയ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എഴുത്തുകാരെ പൊലീസ് വേട്ടയാടുന്നു എന്ന പ്രചരണം ശക്തിപ്പെടുന്നതും ദേശീയ നേതാക്കളെയാണ് പ്രതിരോധത്തിലാക്കുന്നത്. നിസാരമായ പ്രശ്‌നങ്ങളെ പൊലീസ് വഷളാക്കുമ്പോള്‍ നിയന്ത്രിക്കാന്‍ ആരുമില്ല എന്ന അവസ്ഥയാണ് സംസ്ഥാനത്തു നിലനില്‍ക്കുന്നതെന്നും പാര്‍ടി വിലയിരുത്തുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും രാജ്യദ്രോഹക്കുറ്റം വിവേചനരഹിതമായി ചുമത്തുന്നതിനെതിരെയും പാര്‍ടി സ്വീകരിച്ച ശക്തമായ നിലപാടുകളെ കേരളത്തിലെ പൊലീസ് ഭരണം നിര്‍വീര്യമാക്കുന്നുവെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. പൊലീസിനെ ഇപ്രകാരമല്ല കൈകാര്യം ചെയ്യേണ്ടത് എന്ന ശക്തമായ അഭിപ്രായം മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രകടിപ്പിച്ചുവെന്നാണു വിവരം. ഒന്നും ആരോടും കൂടിയാലോചിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്.
കഴിഞ്ഞ ദിവസം കമല്‍ സി ചവറയ്‌ക്കെതിരെയുള്ള പൊലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശം ഏറ്റു വാങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര എഴുത്തുകാരനെതിരെ ”പിണറായി വിജയന്റെ പൊലീസ്” രാജ്യദ്രോഹക്കുറ്റം ചുമത്തി എന്ന നിലയിലാണ് രാജ്യതലസ്ഥാനത്തു പ്രചാരണം ശക്തിപ്പെട്ടത്. അവഗണിക്കേണ്ട ഒരു ഫേസ്ബുക്ക് പോസ്റ്റിനു മേല്‍ ഇത്തരമൊരു പൊലീസ് നടപടിയുടെ പ്രത്യാഘാതം മനസിലാക്കി ഇടപെടുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയപ്പെട്ടു എന്നാണു ശക്തിപ്പെടുന്ന വിമര്‍ശനം.
പിണറായിയുടെ ഫേയ്‌സ് ബുക്ക് പേജിലും കടുത്ത വമര്‍ശനമാണ് സിപിഎം അണികള്‍ പോലും ഉയര്‍ത്തുന്നത്.