പറയുന്നതേ ചെയ്യൂ..ചെയ്യാന്‍ കഴിയുന്നതേ പറയ്യൂ….നിലപാടുകളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത…..വിവാദങ്ങളെ പേടിയില്ലാത്ത ആദര്ശവ്യക്തിത്വമാണ് പിണറായി വിജയന് എന്ന കമ്മ്യൂണിസ്റ്റുകാരന്റേത് ….കേരളത്തിലെ സിപിഎം കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടത്തിലെല്ലാം പാര്‍ട്ടിയെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ മുന്നോട്ട് കൊണ്ടുപോയി….ശത്രുക്കള്‍ പിന്തുടര്ന്നാരോപണങ്ങളും കേസുകളും കുത്തിപൊക്കിയട്ടും തളരാതെ പാര്‍ട്ടിയെ നയിച്ചു….സിപിഎമ്മിന്റ അമരക്കാരന് ഇനി കേരളത്തെ നയിക്കാനൊരുങ്ങുമ്പോള്‍ മലയാളികള്‍ക്ക് ലഭിക്കുന്നത് നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയെ…. പാര്‍ട്ടി നെടുകെ പിളരുമെന്ന് പാര്‍ട്ടി ശത്രുക്കള്‍ പ്രചരിപ്പിച്ചപ്പോള്‍ മിന്നല്‍ പിണറായ ചരിത്രമാണ് പിണറായി വിജയനുള്ളത്…കേരളം ചുവന്ന് തുടുത്തപ്പോഴും പാര്ട്ടിയാഗ്രഹിച്ചത് പിണറായി തന്നെയാകണം മുഖ്യമന്ത്രി എന്നായിരുന്നു…..
1944 മാര്‍ച്ച് 21നാണ് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി വിജയന് എന്ന പിണറായി വിജയന് ജനിച്ചത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയിലാണ് വിജയന് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്.
വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന് അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നേതാവ് തന്നെയാണ്. കേരളത്തില്‍ ഇത്രയധികം മാധ്യമ വിചാരണകള്‍ക്ക് വിധേയനാക്കപ്പെട്ട, രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു കമ്മ്യൂണിസ്റ്റ്കാരനുണ്ടായിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം. ഒരു നേതാവിന്റെ കൗശലങ്ങളും എതിരാളിയോടുപോലും സന്ധിചെയ്യുന്ന രാഷ്ട്രീയ പ്രായോഗികതകളും വശമില്ലാത്തത് കൊണ്ടാവും ഇത്രയധികം എതിര്‍പ്പുകളെ പിണറായിക്ക് നേരിടേണ്ടിവന്നത്.
തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില്‍ ഉറച്ചു നില്ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം. അതുകൊണ്ട് തന്നെ എസ്.എന്‍.സി. ലാവ്ലിന്, വെടിയുണ്ട വിവാദം, മകന്റെ ബര്‍മിങ്ഹാമിലെ പഠനം, പിണറായിയുടെ വീട് തുടങ്ങി നിരവധി വിവാദങ്ങള്‍ വേട്ടയാടിയപ്പോഴും കനപ്പിച്ച മുഖവുമായി ഇതൊന്നും ശ്രദ്ധിക്കാതെ പിണറായി പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. നിലപാടുകളില്‍ ഉറച്ചു നിന്നതുകൊണ്ടാണ് അധികാരത്തില്‍ നിന്ന് ഇടതിന് പുറത്ത് പോകേണ്ടി വന്നപ്പോഴും സംഘടന കരുത്തുറ്റതായി നിന്നത്. പാര്‍ട്ടി നിലപാടുകളിലെ കാര്ക്കശ്യമാകാം സാധാരണഗതിയില്‍ പിണറായി കാണുന്നത് ചിരിക്കാത്ത മുഖഭാവവുമായായിരിക്കും.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടത് പക്ഷത്തിനെ വലിയ തോല്‍വിയില്‍ നിന്ന് കരകയറ്റിയത് പിണറായി വിജയന് എന്ന കര്‍ക്കശനായ നേതാവ് സി.പി.എമ്മിന് ഉണ്ടായിരുന്നതുകൊണ്ടാണ്. എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടി സംവിധാനത്തെ പിണറായി ചലിപ്പിച്ചിച്ചില്ലായിരുന്നു എങ്കില്‍ വലിയ തോല്‍വി ഇടതിന് നേരിടേണ്ടതായി വരുമായിരുന്നു. അതേ പാര്‍ട്ടി സംവിധാനത്തെ പതിനാലാം നിയമസഭയിലേക്ക് ഒരുക്കാനായി സി.പി.എമ്മിന് മറ്റാരെയും ഏല്പ്പിക്കാനുണ്ടായിരുന്നില്ല. പിണറായി അല്ലാതെ. വി.എസ്സും മത്സരിച്ചെങ്കിലും പിണറായി മുഖ്യമന്ത്രിയാകും എന്ന് തന്നെ ഏവരും പ്രതീക്ഷിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്തു പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ രാഷ്ട്രീയ തടവുകാരനായിരുന്ന പിണറായിക്ക് വീറും വാശിയും പൊരുതാനുള്ള കരുത്തും കിട്ടിയത് കുട്ടിക്കാലത്ത് തന്നെ പോറ്റി വളര്‍ത്തിയ, നെയ്ത്ത് തൊഴിലാളിയായ ജ്യേഷ്ഠന് കുമാരന്റെ ഹൃദയത്തില്‍ നിന്നും പ്രവൃത്തിയില്‍ നിന്നുമാണ്. 1967ല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കാലത്ത് കലുഷിതമായ തലശ്ശേരിയില്‍ സി.പി.ഐ (എം) മണ്ഡലം സെക്രട്ടറിയാവാന്‍ നിയോഗിക്കപ്പെട്ടത് വെറും ഇരുപത്തിമൂന്നാം വയസ്സില്‍. 1970ല്‍ ഇരുപത്താറാം വയസ്സില്‍ നിയമസഭാംഗമായ പിണറായി വിജയന് അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ മൂന്നാം മുറ ഉള്‍പ്പടെയുള്ള മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടു.
ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഇരുപത്തിനാലാം വയസ്സില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
1996ല്‍ കേരളത്തിന്റെ സഹകരണ വൈദ്യുതി മന്ത്രിയായ കാലത്താണ് വിവാദമായ ലാവലിന്‍ വിഷയം ഉയര്‍ന്ന് വന്നത്. പിന്നീട് അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നിന്ന് പിണറായി പാര്‍ട്ടി സംവിധാനത്തിന്റെ വ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാ ആരോപണങ്ങളെയും കള്ളക്കഥകളെയും ചെറുത്ത് തോല്‍പ്പിച്ച് പിണറായി വീണ്ടുമൊരിക്കല്‍ കൂടി മിന്നല്‍ പിണര്ആവുകയാണ്….