
കോഴിക്കോട്: സംഘപരിവാര്‍ സംഘടനകള്‍ തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മംഗളൂരുവിലെ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പോയി വന്നതിനുശേഷം ആര്‍എസ്എസിന്റെ പ്രതിഷേധത്തിനു മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പിണറായി വിജയന് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. 4000 പൊലീസുകാരെ അധികമായി വിന്യസിക്കും. സംഘപരിവാര്‍ ഭീഷണിയെ വകവയ്ക്കുന്നില്ലെന്നു കര്‍ണ്ണാടക മന്ത്രി യുടി ഖാദര്‍ പ്രതികരിച്ചു
പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ ശനിയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ മംഗളൂരുവില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനു മുന്നോടിയായി വന്‍ റാലി നടന്നിരുന്നു. പിണറായിയെ മംഗളൂരുവില്‍ കാലുകുത്തിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലെ മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലെന്ന കാരണം പറഞ്ഞാണ് സംഘപരിവാര്‍ പിണറായിയെ തടയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.