ജേക്കബ് തോമസിനെ പിണറായി കൈവിടില്ല ; വിജിലന്‍സ് ഡയറക്ടറെ മാറ്റേണ്ടെന്ന് സി.പി.എം.ധനകാര്യ റിപ്പോര്‍ട്ട് തുറമുഖ വകുപ്പിന് കൈമാറിയത് പിണറായി അറിയാതെ.ജേക്കബ് തോമസ് സത്യസന്ധനെന്ന് പ്രഖ്യാപിച്ച് വിഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കൈവിടില്ല . ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തന്നെ തുടരും തുടരും. ഇപ്പോഴത്തെ വിവാദത്തില്‍ സിപിഎമ്മിന്റെ പൂര്‍ണ പിന്തുണ ജേക്കബ് തോമസിന്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് മാറേണ്ടെന്നാണു സിപിഐ(എം) തീരുമാനിച്ചത്. എ കെ ജി സെന്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ അവൈലബിള്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് യോഗവും ചേര്‍ന്നു. ഇതിനു പിന്നാലെയാണ് ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന തീരുമാനം.അതിനിടെ, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും ജേക്കബ് തോമസിനെ പിന്തുണച്ചു രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റരുതെന്നാണു വി എസ് ആവശ്യപ്പെട്ടത്.

ഇതെല്ലാം പരിഗണിച്ചാണ് സിപിഐ(എം) തീരുമാനം. ജേക്കബ് തോമസിനെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ച നിലപാട് എടുത്തു. ഇപി ജയരാജന്റെ രാജിയുമായി ബന്ധപ്പെടുത്തി ജേക്കബ് തോമസ് വിഷയം പ്രതിപക്ഷം ചര്‍ച്ചയാക്കിയിരുന്നു. ഇതോടെയാണ് ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന നിലപാട് സിപിഐ(എം) എടുത്തതെന്നതും ശ്രദ്ധേയമാണ്. അഴിമതിക്കേസുകളില്‍ ജേക്കബ് തോമസിന്റെ നിലപാട് അംഗീകരിക്കാതിരുന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് സിപിഐ(എം) വിലയിരുത്തല്‍.എല്ലാത്തിനുമുപരി മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് നിര്‍ണ്ണായകമായത്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം മന്ത്രിസഭ തള്ളു. തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് തുടരുമെന്ന് തന്നെയാണ് ജേക്കബ് തോമിസന്റെ നിലപാട് എന്നാണ് സൂചന.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വേണ്ടത്ര കൂടിയാലോചനയില്ലാതെ തുറമുഖ വകുപ്പിന് നടപടിക്കായി സമര്‍പ്പിച്ച നടപടിയില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐ.എ.എസ് തലപ്പത്ത് നടന്ന ഇത്തരം നീക്കങ്ങള്‍ വളരെ ഗൗരവപരമായാണ് മുഖ്യമന്ത്രി കാണുന്നത്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ള ഉന്നതര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുന്‍കൈ എടുത്ത് കേസെടുത്ത് കര്‍ക്കശമായ നിലപാടുമായി മുന്നോട്ടു പോവുന്നതാണ് ഒരു വിഭാഗം ഐ.എ.എസുകാരെ ചൊടിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ധനകാര്യ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതിനായി വിവരാവകാശ പ്രകാരം വിവരങ്ങള്‍ കൈമാറിയതും വ്യക്തമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഇത്തരം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ മിക്കതും വിവരാവകാശ പ്രകാരം ആര് ചോദിച്ചാലും പല വകുപ്പുകളും നിലവില്‍ നല്‍കാറില്ല.

റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാരിനെയും ജേക്കബ് തോമസിനെയും പ്രതിരോധത്തിലാക്കുക എന്നതായിരുന്നുവത്രെ തന്ത്രം.മലബാര്‍ സിമന്റ്‌സ് എം.ഡി യായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നിയമനത്തിനുവേണ്ടി ചരട് വലിച്ച ഉന്നത ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.പത്മകുമാറിന്റെ നിയമനം തന്നെ വഴിവിട്ടതായതിനാല്‍ വിജിലന്‍സ് പിടിമുറുക്കിയാല്‍ ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനും കുരുക്കിലാവുമെന്നതും ഉന്നത കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു. ഇതിനു പിന്നാലെ മൂന്ന് ഐ.എ.എസുകാര്‍ മുഖ്യമന്ത്രിയെ കണ്ട് തങ്ങള്‍ക്കെതിരെ കേസുകളും അറസ്റ്റും പാടില്ലെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

പത്മകുമാറിനെതിരായ വിജിലന്‍സിന്റെ അന്വേഷണ ഫയല്‍ തനിക്ക് കാണണമെന്ന് വ്യവസായസെക്രട്ടറി പോള്‍ആന്റണി ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയോടും ആവശ്യപ്പെട്ടിരുന്നു. കെ.എം. മാണിക്കെതിരായ കോഴിക്കോഴ, നികുതിയിളവ് വിവാദങ്ങളിലും ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം നീണ്ടതോടെ ജേക്കബ് തോമസിനെതിരായ നീക്കം ധ്രുതഗതിയിലാവുകയായിരുന്നു

ഇതിനിടെ മുന്‍മന്ത്രി കെ. ബാബുവിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നതുടക്കമുള്ള വിജിലന്‍സ് നീക്കം ചേര്‍ന്നതിന് പിന്നില്‍ ഇന്റലിജന്‍സിലെ ഉന്നത ഇടപെടലുണ്ടെന്ന ആരോപണവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ലോക്കറിലെ ആഭരണങ്ങള്‍ അപ്രത്യക്ഷമായത് മുന്‍ യജമാന ഭക്തി ചില ഉദ്യോഗസ്ഥര്‍ കാണിച്ചത് കൊണ്ടാണെന്നാണ് പുറത്ത് വന്ന വിവരം.ഇന്റലിജന്‍സിലേക്ക് അടുത്തയിടെ ഇന്റേണല്‍ സെക്യൂരിറ്റിയില്‍ നിന്നു കൊണ്ടുപോയ ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി വിജിലന്‍സ് ഡയറക്ടറുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്‌.

സാധാരണ ഒരാളുടെ ഫോണ്‍ കോള്‍ ചോര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. അതും വ്യക്തമായ ക്രൈം രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ മാത്രം. എന്നാല്‍ ഇവിടെ സകല നിയമങ്ങളും ലംഘിച്ച് കടുത്ത നിയമലംഘനം ഉദ്യോഗസ്ഥ ചേരിപ്പോരിന്റെ ഭാഗമായി നടക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.

യു.ഡി.എഫ് സര്‍ക്കാരുമായി ഇടഞ്ഞുനിന്ന ജേക്കബ് തോമസിനെ പൂട്ടാന്‍ അന്ന് വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഒരു കോണ്‍ഫിഡന്‍ഷ്യല്‍ എന്‍ക്വയറിയും (രഹസ്യാന്വേഷണം) രണ്ട് ത്വരിതാന്വേഷണങ്ങളും നടത്തിയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താനായിരുന്നില്ല.പരാതികളിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തി മൂന്ന് അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിനുശേഷമായിരുന്നു ധനകാര്യ വകുപ്പിനെ മുന്‍നിര്‍ത്തിയുള്ള പകപോക്കല്‍ അരങ്ങേറിയിരുന്നത്.

വിജിലന്‍സ് ഡയറക്ടര്‍സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഡോ. ജേക്കബ് തോമസ് സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. ഈ കത്ത് രാവിലെ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന, കെ എം മാണി ധനമന്ത്രിയായിരിക്കെ ധനകാര്യപരിശോധനവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചില കേന്ദ്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളംവച്ചിരുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ജേക്കബ് തോമസിനെതിരെ ചില കേന്ദ്രങ്ങള്‍ രംഗത്തുവന്നത്. യുഡിഎഫ് ഭരണകാലത്ത് കെ എം മാണിക്കെതിരെ ബാര്‍ കോഴക്കേസ് അന്വേഷിച്ചപ്പോഴാണ്, അദ്ദേഹത്തിന്റെതന്നെ വകുപ്പ് ജേക്കബ് തോമസിനെ കുടുക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജേക്കബ് തോമസിനെ പിന്തുണയ്ക്കാനാണ് സിപിഐ(എം) സെക്രട്ടറിയേറ്റും തീരുമാനിച്ചത്.

 

ഈ ഘട്ടത്തില്‍ ജേക്കബ് തോമസിനെ മാറ്റിയാല്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ പേരു ദോഷം സിപിഎമ്മിന് നേരെ ഉയരും. കഴിഞ്ഞ ദിവസം പ്രതിപക്ഷ എംഎല്‍എ മാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനിടിയില്‍ നടന്ന ചര്‍ച്ചയാണ് ജേക്കബ് തോമസിന്റെ സ്ഥാനം ഒഴിയല്‍ കത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും നേതാക്കളെ രക്ഷിക്കാനായി ജേക്കബ് തോമസിനെ ബലിയാടാക്കുന്നുവെന്നായിരുന്നു ബിജെപി നിലാപാട്. ഇത്തരം ചര്‍ച്ചകളെ ഇല്ലായ്മ ചെയ്യാന്‍ കൂടിയാണ് സിപിഐ(എം) സെക്രട്ടറിയേറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്നത്.

നേരത്തെ ജേക്കബ് തോമസിനെ മാറ്റി ഹേമചന്ദ്രനെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചരട് വലികള്‍ നടത്തിയിരുന്നു. ഇത് മനസ്സിലാക്കി കൂടിയാണ് അതിവേഗം ജേക്കബ് തോമസിന് അനുകൂലമാമായ തീരുമാനം മുഖ്യമന്ത്രി ഇടപെടെടുക്കുന്നത്.

Top