തിരുവനന്തപുരം: മതമേലധ്യക്ഷന്‍മാരെ അടച്ചാക്ഷേപിച്ചു മാത്രം ശീലിച്ചിട്ടുള്ള പിണറായി വിജയന്‍ സൗമ്യഭാവവുമായി എന്‍എസ്എസിനെ സമീപിക്കുന്നു. എസ്എന്‍ഡിപി ബിജെപിയുമായി അടുപ്പം ശക്തമാക്കിയതോടെയാണ് സിപിഎം ന്യൂനപക്ഷങ്ങള്‍ അടക്കം ബിജെപിയുമായി എതിര്‍ത്തു നില്‍ക്കുന്നവരെ കയ്യിലെടുക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പിണറായി വിജയന്‍ മൃദുഭാവവുമായി എന്‍എസ്എസ് അടക്കമുള്ള സംഘടനകളെ സമീപിക്കുന്നതെന്നാണ് സൂചന.
മാതൃഭൂമി ന്യൂസ് ചാനലിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ ഉണ്ണിബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് പിണറായി എന്‍എസ്എസിനോടുള്ള സമീപനം വ്യക്തമാക്കിയത്. മറ്റു ചില ചാനലുകള്‍ക്കു നല്‍കിയ അഭിമുഖങ്ങളിലും സമാന രീതിയിലുള്ള അഭിമുഖം അദ്ദേഹം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയെങ്കിലും പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള പിണറായിയുടെ മനംമാറ്റം പാര്‍ട്ടിയും ഇടതു മുന്നണിയും മാറിചിന്തിക്കുന്ന വഴികള്‍ വ്യക്തമാക്കുകയാണ്.
മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ എന്‍.എസ്.എസിനെ സ്വാധീനിക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
മതേതരനിലപാടാണ് എന്‍.എസ്.എസിന്റേത്. വാജ്‌പേയിയുടെ കാലത്തും എന്‍.എസ്.എസിനെ വരുതിയിലാക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചിട്ടുണ്ട്. അന്നും വെള്ളാപ്പള്ളി അതിന്റെ ഭാഗമാക്കാന്‍ നോക്കി. എന്നാല്‍ എന്‍.എസ്.എസിന്റെ മതേതര നിലപാടില്‍ ചാഞ്ചാട്ടം കാണുന്നില്ല. പിണറായി പറഞ്ഞു.
എല്‍.ഡി.എഫിലേക്കുള്ള വാതിലുകള്‍ ആര്‍ക്കുമുമ്പിലും കൊട്ടിയടക്കില്ല. പലപ്പോഴും മുന്നണിയുടെ സമവാക്യങ്ങള്‍ ജനങ്ങള്‍ ഇടപെട്ട് തിരുത്തും.ആ തിരുത്തല്‍ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും നേതാക്കന്‍മാര്‍ക്ക് അതിനനുസരിച്ച് നിലപാടെടുക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു. മുന്നണിക്ക് ഇപ്പോഴത്തെ നിലയില്‍ തന്നെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചോദ്യം ഉത്തരം പരിപാടിയുടെ പൂര്‍ണ രൂപം രാത്രി പത്ത് മണിക്ക് മാതൃഭൂമി ന്യൂസില്‍ കാണാം.
ആര്‍.എസ്.പിക്കും ജെ.ഡി.യുവിനും ഉപാധികളില്ലാതെ എല്‍.ഡി.എഫിലേക്ക് തിരിച്ച് വരാമെന്ന് മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് വിട്ടുവന്നാല്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുമ്പ് പിണറായി ഇരു പാര്‍ട്ടികളുടേയും എല്‍.ഡി.എഫ് പ്രവേശനത്തെക്കുറിച്ച് പറഞ്ഞിരുന്നത്.
വി.എസുമായി തനിക്ക് ഒരു കാലത്തും വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതേ സമയം പാര്‍ട്ടി നിലപാട് സംരക്ഷിക്കാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. താനോ വിഎസ്സോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. തിരഞ്ഞെടുപ്പാകുമ്പോള്‍ പാര്‍ട്ടി ഇക്കാര്യം തീരുമാനിക്കും. പാര്‍ട്ടി തീരുമാനമനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി തന്നെ നടപ്പിലാക്കും. പദ്ധതിയെ അല്ല സി.പി.എം എതിര്‍ത്തത്, അത് നടപ്പാക്കിയ രീതിയെയാണ്. അതുകൊണ്ട് തന്നെ വിഴിഞ്ഞം കരാര്‍ റദ്ദാക്കാനാവില്ലെന്നും പിണറായി പറഞ്ഞു.