തിരുവനന്തപുരം: കേരളത്തിലെ പോലീസ് രാജിനെതിരെ മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്ക് പേജില്‍ കടുത്ത പ്രതിഷേധം. പാര്‍ട്ടി പ്രവര്‍ത്തകരെന്ന് പരിചപെടുത്തിയവരും അണികളുമാണ് സംസ്ഥാനത്തെ പോലീസ് തേര്‍വാഴ്ച്ചക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. പാര്‍ട്ടി അണികള്‍ക്ക് പോലും പോലീസ് സ്റ്റേഷനില്‍ രക്ഷയില്ലാത്ത വിധം ഗുണ്ടായിസമാണെന്ന് കമന്റുകള്‍ പറയുന്നു.
പിണറായിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്തുണ്ടായ പോലീസ് ഗുണ്ടായിസം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പലരും ചൂണ്ടികാണിക്കുന്നത്.
ചെന്നൈയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളിതാരം കരുണ്‍ നായര്‍ക്ക് ഫേസ്ബുക്കിലൂടെ അഭിനന്ദനം നേര്‍ന്ന മുഖ്യമന്ത്രിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിനു താഴെയാണ് വിമര്‍ശനങ്ങല്‍ തുടരെ വരുന്നത്.
മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ്. അച്യുതാനന്ദന്‍ സംസ്ഥാന പൊലീസിനെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും നടപടിയൊന്നും എടുക്കാതെ ക്രിക്കറ്റ് കളിക്കാരനെ അഭിനന്ദിക്കാനാണ് മുഖ്യമന്ത്രിക്കു താത്പര്യം എന്ന മട്ടിലാണു പ്രതികരണങ്ങള്‍. പിണറായി വിജയന്റെ ഫേസ്ബുക് പേജില്‍ ഇത്തരത്തിലുള്ള ധാരാളം കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.
പൊലീസ് സേനയുടെ ഫാസിസ്റ്റ് മനോഭാവം താങ്കള്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും സ്വന്തം പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ കണ്ണു അടിച്ചു പൊട്ടിച്ചത് അറിഞ്ഞിട്ടില്ലെങ്കിലും ചെന്നൈ ടെസ്റ്റില്‍ കരുണ്‍ സെഞ്ച്വറി നേടിയത് അറിഞ്ഞു എന്നുമൊക്കെയാണ് പിണറായി വിജയന്റെ ഫേസ്ബുക് പേജില്‍ നിറയുന്ന കമന്റുകള്‍.
കേരള പൊലീസില്‍ നിന്നും ഇത് പോലെ ദുരനുഭവങ്ങള്‍ പല തവണ ഉണ്ടായിട്ടും പൊലീസ് വകുപ്പ് കയ്കാര്യം ചെയ്യുന്ന മുഖ്യ മന്ത്രിക്ക് കേരള പൊലീസിനെ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കേണ്ടിയിരിക്കുന്നുവെന്ന് മറ്റൊരു പോസ്റ്റില്‍ പറയുന്നു. ഓരോ വ്യക്തിഗത നേട്ടങ്ങള്‍ക്കും പോസ്റ്റിടാനുള്ള സമയമുണ്ട് മുഖ്യമന്ത്രിക്കെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സഖാവ് വി എസ് ഇറക്കിയ പ്രസ്താവന വായിച്ചുനോക്കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
ഡി വൈഎഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ് ഐ യോട് കാര്യം തിരക്കുന്ന ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റിനെതിരെ വരെ കള്ളക്കേസുടുക്കുന്ന പോലീസിനെ നിലയ്ക്കു നിര്‍ത്തണമെന്നും കമന്റുകളില്‍ ആവശ്യപ്പെടുന്നു.