കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രാജി വച്ചു. താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും വ്യക്തിഹത്യയില്‍ മനം നൊന്താണ് രാജിയെന്നും പി.കെ ശ്യാമള പറഞ്ഞു. ഇന്ന് രാവിലെ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലേക്ക് പി.കെ ശ്യാമളയെ വിളിച്ചു വരുത്തിയിരുന്നു. ജില്ലാസെക്രട്ടറിയായിരിക്കേ താന്‍ നടത്തിയ ഇടപെടലുകളടക്കം വിശദീകരിക്കുമെന്ന് ജയരാജന്‍ പറഞ്ഞിരുന്നു.
പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ക്കിടയിലെ മൂപ്പിളമ തര്‍ക്കത്തിന്റെ ഇരയാണ് പ്രവാസിയായ സാജന്‍ എന്ന വിമര്‍ശനമാണ് സിപിഎം നേരിടുന്നത്. അതേസമയം ആന്തൂര്‍ വിവാദത്തോടെ പി.ജയരാജന്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. സിഒടി നസീര്‍ അക്രമിക്കപ്പെട്ടപ്പോള്‍ ആദ്യമെത്തിയും ഇപ്പോള്‍ സാജന്റെ വീട്ടിലെത്തി അനുനയ ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും ജയരാജയനായിരുന്നു.
പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടിയില്‍ വലിയ വിവാദമാവുകയും കീഴ്ഘടകങ്ങളില്‍ കടുത്ത അതൃപ്തിക്ക് കാരണമാവുകയും ചെയ്തതോടെ, ഇന്നലെ പാര്‍ട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ത്തന്നെയായിരുന്നു യോഗം. യോഗത്തില്‍ എം വി ജയരാജനും പി ജയരാജനും ഒപ്പം പി കെ ശ്യാമളയും പങ്കെടുത്തു. വികാരാധീനയായാണ് യോഗത്തില്‍ പി കെ ശ്യാമള സംസാരിച്ചത്. കരച്ചിലിന്റെ വക്കോളമെത്തിയാണ് ശ്യാമള മറുപടി പറഞ്ഞതെങ്കിലും രൂക്ഷമായ വിമര്‍ശനം ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായി.
പാര്‍ട്ടിയിലെ ഈഗോ പ്രശ്‌നങ്ങളും ചേരിപ്പോരും ഒരു പ്രവാസിയുടെ ആത്മഹത്യയിലെത്തിച്ചെന്നും, സ്വപ്ന പദ്ധതിയെ ചുവപ്പുനാടയില്‍ കുരുക്കിയിട്ടെന്നും ബിജെപിയും കോണ്‍ഗ്രസും വ്യാപക പ്രചാരണ വിഷയങ്ങളാക്കുന്നത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത് പാര്‍ട്ടിയെ അനാവശ്യമായി പ്രതിരോധത്തിലാക്കുകയായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. ശ്യാമള ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ വിഷയം അവിടെ ചര്‍ച്ച ചെയ്യാമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ഇപ്പോള്‍ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ആന്തൂര്‍ വിഷയം ചര്‍ച്ചയാക്കുന്നത്.
അതേസമയം, പലപ്പോഴും സാജന് അനുകൂലമായി നിലപാടെടുത്ത, അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്ന, തലശ്ശേരി എംഎല്‍എ ജെയിംസ് മാത്യു യോഗത്തില്‍ നിന്ന് വിട്ടു നിന്നത് ശ്രദ്ധേയമായി. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്നലത്തെ ഏരിയാ കമ്മിറ്റി യോഗത്തില്‍ നിന്ന് ജെയിംസ് മാത്യു വിട്ടു നിന്നതെന്നാണ് വിവരം. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് ചേരാനിരിക്കെ നേതാക്കള്‍ പ്രശ്‌നത്തെച്ചൊല്ലി പല തട്ടിലാണ്.