പി.കെ ശ്രീമതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ചും കളിയാക്കിയും സോഷ്യല്‍ മീഡിയ. ചെന്നൈയിലെ ദുരന്തം ലോക്‌സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശ്രീമതിയുടെ ഉദ്ദേശശുദ്ധിയെയും പരാമര്‍ശിച്ചാണ് അഭിനന്ദിക്കുന്നവര്‍ രംഗത്തെത്തിയതെങ്കില്‍ ശ്രീമതിയുടെ ഭാഷയെയും ഇംഗ്ലീഷിനെയും പരിഹസിച്ചും ചിലര്‍ രംഗത്തുണ്ട്. ചെന്നൈയിലുള്ളവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല, കുടിക്കാന്‍ വെള്ളമില്ല തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പി.കെ ശ്രീമതി ജനങ്ങള്‍ നേരിടുന്ന പകര്‍ച്ചവ്യാധി ഭീഷണികൂടി ലോക്‌സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് സംസാരിച്ചത്. പകര്‍ച്ചവ്യാധി ഭീഷണി ഒഴിവാക്കണമെങ്കില്‍ എത്രയും വേഗം നല്ലൊരു മെഡിക്കല്‍ സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ശ്രീമതിയുടെ ലോക്‌സഭയിലെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു.
മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയ ശ്രീമതി കുറച്ചുഭാഗങ്ങള്‍ ഇംഗ്ലീഷിലാണ് വിശദീകരിച്ചത്. അതിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീമതിയെ പരിഹസിക്കുന്നവര്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ തന്നാലാവും വിധം ഈ പ്രശ്‌നം ലോക്‌സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശ്രീമതിയെ അഭിനന്ദിച്ചുകൊണ്ട് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. മുറി ഇംഗ്ലീഷില്‍ പാര്‍ലമെന്റില്‍ സംസാരിക്കാറുണ്ടായിരുന്ന എ.കെ.ജിയുടെ കാര്യം എടുത്ത് പറഞ്ഞാണ് പലരും ശ്രീമതി ടീച്ചറെ പിന്തുണച്ചിരിക്കുന്നത്. എ.കെ.ജിയുടെ പ്രസംഗം കേള്‍ക്കാന്‍ നെഹ്‌റുവരെ ഏറെ താല്‍പര്യം കാണിച്ചിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭാഷയുടെ പേരിലല്ല ശ്രീമതി വിമര്‍ശിക്കപ്പെടേണ്ടതെന്നും, മറിച്ച് ചെന്നൈ ദുരന്തത്തിന്റെ വ്യാപ്തിയും കാരണങ്ങളും വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരിലാണെന്നു പറയുന്നവരും സോഷ്യല്‍ മീഡിയകളിലുണ്ട്.