തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.ആര്‍. സിനിയോട് തല്‍സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനോട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.
പ്രസ്തുത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
ബി.ജെ.പിയുമായോ സി.പി.എമ്മുമായോ യു.ഡി.എഫിനു പുറത്തുള്ള കക്ഷികളുമായോ ഒരുതരത്തിലുമുള്ള തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ സഹകരണമോ പാടില്ലെന്നാണ് യു.ഡി.എഫിന്റെ നയം. ഇതിനു വിരുദ്ധമായി നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ആയതിനാല്‍ അവരെ താക്കീത് ചെയ്യാനും മേലില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ തികഞ്ഞ ജാഗ്രത പാലിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഡി.സി.സി. പ്രസിഡന്റിനോട് കെ.പി.സി.സി. പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ നയപരമായ തീരുമാനമെടുക്കുന്നതിനു മുമ്പ് ഡി.സി.സിയുമായി ആശയവിനിമയം നടത്തണമെന്ന മുന്‍ നിലപാട് കൃത്യമായി പാലിക്കണമെന്ന് കൗണ്‍സിലര്‍മാരെ അറിയിക്കാനും ഡി.സി.സി പ്രസിഡന്റിന് കെ.പി.സി.സി. പ്രസിഡന്റ് ചുമതലപ്പെടുത്തി.