യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന അശോകൻ കുടുംബ സമേതം അവധി ആഘോഷിക്കാൻ വേണ്ടി മൂന്നാറിൽ എത്തിയപ്പോൾ ഒരിക്കലും അതൊരു ദുരന്തമാകുമെന്ന് ഓർത്തില്ല. മൂന്നാറില്‍ വിനോദയാത്രയ്ക്കിടെ, ഭാര്യ ഓടിച്ച കാറിടിച്ച് മരണമടഞ്ഞ മച്ചേല്‍ അശോകഭവനില്‍ അശോകന്റെ (36) ദുരന്തം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സംഭവത്തില്‍ മനം നൊന്ത് കഴിയുന്ന ഭാര്യയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും.
വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവനായിരുന്നു മോനി എന്ന് വിളിക്കുന്ന അശോകന്‍. 1997 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പതിമ്മൂന്നാം റാങ്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയവും തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പതിനേഴാം റാങ്കും ഐ.ഐ.ടിയില്‍ 25ആം റാങ്കും നേടിയിരുന്നു. എന്ത് സംശയത്തിനും അശോകന്‍ ഒരു വിജ്ഞാനകോശമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നത്.
എന്‍ജിനിയറിംഗ് പഠനകാലത്തെ പ്രണയിനിയായ രശ്മിയെ വീട്ടുകാരുടെ സമ്മതത്തോടെ എട്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. മക്കളായ ശ്രേയ, ശ്രദ്ധ എന്നിവരോടൊപ്പം അടുത്തിടെയാണ് കുടുംബ വീട്ടിലെത്തിയത്. പാര്‍ട്ട്‌സുകളാക്കി കൊണ്ട് വന്ന് കൂട്ടിച്ചേര്‍ത്ത സൈക്കിളില്‍ നാട് ചുറ്റാന്‍ പോകുന്ന കാഴ്ച കണ്ണില്‍ നിന്ന് മായുന്നില്ലെന്ന് ഒരു ബന്ധു വിതുമ്പലോടെ പറഞ്ഞു. ബാംഗ്ലൂരില്‍ താമസമായതോടെയാണ് അശോകന് സൈക്കിള്‍ ഇഷ്ട വാഹനമായത്.
ശനിയാഴ്ച രാവിലെയാണ് നാലംഗകുടുംബം കാറിൽ മൂന്നാർ സന്ദർശനത്തിനായി പുറപ്പെട്ടത്. സൈക്കിൾയാത്ര ഇഷ്ടപ്പെട്ടിരുന്ന അശോക് കാറിന്റെ മുകളിൽ സൈക്കിളുമായാണ് വന്നത്. മൂന്നാറിന് സമീപമെത്തിയപ്പോൾ ഭാര്യ രശ്മിയെ കാർ ഓടിക്കാൻ നൽകിയശേഷം ഹെൽമെറ്റ് ധരിച്ച് സൈക്കിളിൽ യാത്രയാരംഭിക്കുകയായിരന്നു.
രശ്മി വാഹനം ഓടിക്കാന്‍ ആരംഭിച്ച് അല്‍പ സമയത്തിനകം അപകടം സംഭവിച്ചു. മക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡ്രൈവിങ്ങിനിടയില്‍ പാട്ടു കേള്‍ക്കാന്‍ സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അശോക് സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചു. കാറിനടിയില്‍പ്പെട്ട അശോകിനെ ഉടന്‍ മറ്റൊരു വാഹനത്തില്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മച്ചേല്‍ അശോക ഭവനില്‍ സുകുമാരന്‍ നായരുടെയും വിജയമ്മയുടെയും മകനാണ് അശോകന്‍. ശനിയാഴ്ച വൈകിട്ടോടെയാണ് അശോകന് അപകടം സംഭവിച്ചതായി പിതാവിന് വിവരം ലഭിക്കുന്നത്. ഉടനെ ഭാര്യ വിജയമ്മയുമായി മൂന്നാറിലേക്ക് പുറപ്പെടുകയായിരുന്നു. മിലിട്ടറിയിലുള്ള അശോകന്റെ സഹോദരന്‍ അനീഷ്‌കുമാറും മൂന്നാറിലെത്തിയിട്ടുണ്ട്. മൃതദേഹം സഹോദരന്റെ മച്ചേല്‍ മുളമൂട് പുണര്‍തത്തില്‍ എത്തിച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
അശോകും രശ്മിയും ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥരാണ്. സംഭവത്തിനു ദൃക്‌സാക്ഷിയായ തോട്ടംതൊഴിലാളിയിൽനിന്നും ഇവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചുവെന്നു പറയപ്പെടുന്ന മൂന്നാറിലെ ടാക്‌സി ഡ്രൈവറിൽനിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അപകടമുണ്ടായ സംഭവത്തിൽ രശ്മിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു മറയൂർ പൊലീസ് കേസെടുത്തു. അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഭർത്താവിന്റെ ദാരുണ മരണത്തിൽ ഞെട്ടിയിരിക്കുന്ന രശ്മിയെ സംബന്ധിച്ചിടത്തോളം ഇനി കേസുമായി ബന്ധപ്പെട്ട് കോടതി കയറിയിറങ്ങേണ്ടത് എല്ലാ അർത്ഥത്തിലും മാനസികമായി തകർത്തിട്ടുണ്ട്.