പേരാവൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് കൂട്ടുനിന്ന് പ്രതികളെല്ലാം ഒളിവില്‍ പോയി. അഞ്ച് കന്യാസ്ത്രീകളുള്‍പ്പെടെ എട്ടു പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സഭയുടെ നിരന്തര സഹായം ഈ പ്രതികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഇവര്‍ ഒളിവില്‍ പോയിരിക്കുന്നത്. മാനന്തവാടി രൂപതയിലെ ഉന്നതരുടെ അറിവും പിന്തുണയും ഇവര്‍ക്കുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സഭയും സര്‍ക്കാരും ഉത്തുകളിക്കുകയാണെന്ന ചില കോണുകളില്‍ നിന്നുള്ള വാദങ്ങള്‍ക്ക് അത് ശക്തിപകരും.
നീണ്ടുനോക്കി സ്വദേശിനി തങ്കമ്മ നെല്ലിയാനി (53), തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റര്‍ ടെസി ജോസ് (63), പീഡിയാട്രീഷന്‍ ഡോ. ഹൈദരാലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു (63), വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ യഥാക്രമം രണ്ടുമുതല്‍ എട്ടുവരെ പ്രതികളാണ്. എല്ലാ പ്രതികള്‍ക്കെതിരെയും പോസ്‌കോ നിയമപ്രകാരം പേരാവൂര്‍ പൊലീസാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. തങ്കമ്മയുടെ വീട്ടില്‍ രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുഖ്യപ്രതി റോബിന്‍ വടക്കുംചേരി അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ്.
പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012) നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ചില വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ജാമ്യം കിട്ടില്ല. മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്, അവര്‍ ലൈംഗിക ചൂഷണത്തിനു വിധേയരായാല്‍, ഈ നിയമ പ്രകാരം ഏറെ സംരക്ഷണം ലഭിക്കും. മറ്റു കേസുകളിലെ പോലെ ചോദ്യം ചെയ്യലിലും വിചാരണയിലും പൊലീസിന്റെയോ അഭിഭാഷകരുടെയോ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവില്ല. മിക്ക കേസിലും കുട്ടികളെ പ്രതികള്‍ക്കറിയാമായിരിക്കും. ജാമ്യം കിട്ടില്ലെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് സുരക്ഷയും ഉറപ്പാകും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതു മാത്രമല്ല, കുട്ടികളെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങള്‍ കാണുന്നതു പോലും പോസ്‌കോ നിയമത്തിന്റെ പരിധിയില്‍ വരും. അതുകൊണ്ട് തന്നെ പ്രതികള്‍ പൊലീസ് പിടിയിലായാല്‍ വിചാരണ കഴിയും വരെ ജയില്‍വാസം ഉറപ്പാണ്.
ഈ സാഹചര്യത്തിലാണ് പ്രതികള്‍ ഒളിവില്‍ പോയത്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയാല്‍ സത്യമെല്ലാം പുറത്തുവരുമോ എന്ന ഭയം സഭയ്ക്കുണ്ടെന്നാണ് സൂചന. മാനന്തവാടി രൂപതയിലെ മറ്റ് ചില പ്രമുഖരും അങ്ങനെ വന്നാല്‍ കേസില്‍ പ്രതികളാകും. വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം (60), ശിശുക്ഷേമസമിതിയംഗം ഡോ. സിസ്റ്റര്‍ ബെറ്റി (51) എന്നിവരുടെ പേരിലും കേസെടുക്കും. ശിശുക്ഷേമസമിതിയംഗങ്ങളായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാര്‍ പറഞ്ഞു. വൈത്തിരിയിലെ അനാഥമന്ദിരത്തില്‍ നവജാതശിശുവിനെ പ്രവേശിപ്പിച്ചതില്‍ കൃത്യവിലോപം നടന്നതായി പൊലീസ് പറഞ്ഞു. വയനാട് ജില്ലാ ശിശുക്ഷേമസമിതിയും ഇക്കാര്യത്തില്‍ നിയമലംഘനം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഗൂഢാലോചന നടത്തിയ ചിലര്‍ക്കെതിരെയും കേസെടുത്തേക്കും.
ഇതില്‍ മാനന്തവാടി രൂപതയിലെ പല പ്രമുഖരും ഉള്‍പ്പെടും. ക്രിസ്തുരാജ ആശുപത്രി തലശ്ശേരി രൂപതയ്ക്ക് കീഴിലാണ്. ഇവിടെത്തെ പ്രമുഖര്‍ക്കെതിരേയും അന്വേഷണം നടക്കുകയാണ്. വെിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവം മറച്ചുവച്ചുവച്ചതില്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുംചേരി തന്നെ ഇക്കാര്യം പൊലീസിനോട് തുറന്നു പറഞ്ഞതായാണ് സൂചന പുറത്തുവരുന്നത്. പെണ്‍കുട്ടി പ്രസവിച്ച ഏഴാം തീയതി തന്നെ സംഭവം ഫാ. റോബിന്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തെ അറിയിച്ചിരുന്നു. തന്നെ വൈദികവൃത്തിയില്‍നിന്ന് പുറത്താക്കാമെന്നും ബിഷപ്പിനോട് റോബിന്‍ അറിയിച്ചു. എന്നാല്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് പിന്നീട് ശ്രമം നടന്നത്. ഇതില്‍ ബിഷപ്പിനും പങ്കുണ്ടെന്നാണ് സൂചന. ഇപ്പോള്‍ കണ്ണൂര്‍ ജയിലിലാണ് ഫാ. റോബിന്‍ ഉള്ളത്. തന്നെ വന്നു കണ്ടവരോടും കുറ്റസമ്മതം റോബിന്‍ നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ തെറ്റു പറ്റിയെന്നും അത് ബിഷപ്പിനോട് ഏറ്റു പറഞ്ഞുവെന്നും ജയിലില്‍ കണ്ട ബന്ധുക്കളോട് അടക്കം റോബിന്‍ വിശദീകരിച്ചിട്ടുണ്ട്.
നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരി ഫാ. റോബിന്‍ വടക്കുംചേരിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി മൂന്നാഴ്ച മുന്‍പാണ് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കൃസ്തുരാജ ഹോസ്പിറ്റലില്‍ പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നറിഞ്ഞിട്ടും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താതെ പ്രസവത്തിന് സൗകര്യമൊരുക്കിയതിനും കുട്ടിയെ രഹസ്യമായി ഓര്‍ഫനേജിന് കൈമാറാന്‍ കൂട്ടുനിന്നതിനുമാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഗുരുതരമായ വീഴ്ചവരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ മാസം ഇരുപതിനാണ് കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തത്. അതേ ദിവസം തന്നെയാണ് കുഞ്ഞിനെ അനാഥാലയത്തില്‍ താമസിപ്പിക്കാനുള്ള ഉത്തരവിറക്കിയതും. പീഡനത്തിനിരയായ പെണ്‍കുട്ടിയെകുറിച്ച് അന്വേഷിക്കാനോ കൗണ്‍സിലിങ്ങിന് വിധേയമാക്കാനോ ശശുക്ഷേമ സമിതി തയ്യാറായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സിഡബ്ല്യുസി ജുഡീഷ്യല്‍ കമ്മറ്റിയായതിനാല്‍ പൊലീസിന് നടപടിയെടുക്കാനാവില്ല. മറ്റു പ്രതികളെക്കൂടി പിടികൂടി തെളിവുകള്‍ പരമാവധി ശേഖരിച്ച ശേഷം ഫാ റോബിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തങ്കമ്മയാണ് പെണ്‍കുട്ടിയുടെ കൂടെ ആശുപത്രിയില്‍ പരിചരണത്തിനും സഹായിയുമായി ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ വികാരി പണം കൊടുത്തുവിട്ടത് തങ്കമ്മയുടെ കൈയിലാണെന്നും പറയുന്നു. വികാരിയുടെ വിശ്വസ്തയായ തങ്കമ്മയാണ് ഇയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയിരുന്നതെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പ്രതികളെ സഹായിക്കാന്‍ സഭയുടെ ഉന്നതരും ഇടത്, വലത് രാഷ്ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കളും ജന പ്രതിനിധികളും രഹസ്യ സഹായം ചെയ്തുകൊടുക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ കേസന്വേഷണത്തില്‍ ഇടപെടല്‍ ഉണ്ടായിരുന്നു. വൈദികന്‍ അറസ്റ്റിലായിട്ടും ആശുപത്രി അധികൃതരെയും ഡോക്ടറെയും പ്രതിചേര്‍ക്കാനുള്ള നടപടികള്‍ വൈകാനുള്ള കാരണവും ദുരൂഹതയും ചോദ്യം ചെയ്യപ്പെടുകയാണ്. പേരാവൂര്‍ സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.