തൃശൂര്‍ : തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്തതോടെ പ്രതിയും.കുടുംബാംഗങ്ങളും ഒളിവില്‍പ്പോയി. കുന്നംകുളം നഗരസഭാ പ്രദേശത്തെ കീഴൂരിലാണ് സംഭവം. കാര്‍ത്തിക അംഗന്‍വാടിക്കു സമീപം അടുത്തടുത്തുള്ള വീടുകളിലെ കുട്ടികളാണ് സ്‌കൂള്‍ അടച്ചതോടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ കളിക്കാനെത്തിയിരുന്നത്.
ആറുദിവസം മുമ്പാണ് മൂന്നുകുട്ടികളും അസ്വസ്ഥത പ്രകടിപ്പിച്ചത്. ഒരുകുട്ടിക്ക് മൂത്രമൊഴിക്കാന്‍ നേരിയതോതില്‍ വേദന അനുഭവപ്പെട്ടിരുന്നു. മറ്റൊരു കുട്ടി ഊണ് ഉരുളയായി കഴിക്കുമ്പോള്‍ അറപ്പും വെറുപ്പും പ്രകടിപ്പിച്ചിരുന്നു. വീട്ടുകാര്‍ കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് അയല്‍വാസിയായ ചേട്ടന്റെ പീഡനകഥ വീട്ടുകാര്‍ അറിഞ്ഞത്. ഒരു വീട്ടുകാര്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍പോയി കാര്യം പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. ഇതോടെ, നാട്ടുകാരില്‍ ചിലരും സംഭവമറിഞ്ഞു.
പ്രതിയുടെ കുടുംബത്തിനു സംഘപരിവാറുമായി അടുത്ത ബന്ധമുണ്ട്. അവര്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തി. ഇതിനിടെ, നാട്ടുകാരില്‍ ചിലര്‍ തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ശനിയാഴ്ച എത്തിയ പ്രവര്‍ത്തകര്‍ വീട്ടുകാരുമായും കുട്ടികളുമായും സംസാരിച്ചു. തുടര്‍ന്ന് അവര്‍ കുന്നംകുളം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിയുടെ വീട്ടില്‍ മുത്തച്ഛന്‍ മാത്രമാണുള്ളത്. ഇന്നലെ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ കുട്ടികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. പോക്‌സോ നിയമപ്രകാരം വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു.