
ക്രൈം റിപ്പോർട്ടർ
കോട്ടയം: പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ പട്ടാപ്പകൽ പെരുമഴയത്തു കയറിയെത്തിയ പതിനേഴുകാരനെ പെൺകുട്ടിയുടെ അമ്മ പൊക്കി. മഴയത്തു കയറി നിന്നതാണെന്ന യുവാവിന്റെ മറുപടി വിശ്വസിക്കാതെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്നു യുവാവിനെതിരെ പൊലീസ് കേസെടുത്തു.
നഗരപരിധിയ്ക്കു പുറത്തെ ഗ്രാമപ്രദേശത്ത് കഴിഞ്ഞ ദിവസം പെരുമഴയത്തായിരുന്നു സംഭവങ്ങൾ. നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥികളായ പെൺകുട്ടിയും യുവാവും ക്ലാസിൽ നിന്നു മുങ്ങുകയായിരുന്നു. വീട്ടിൽ അസമയത്ത് പെൺകുട്ടിയെയും മറ്റൊരു യുവാവിനെയും കണ്ടതായി പെൺകുട്ടിയുടെ മാതാവിനെ അയൽവാസിയാണ് അറിയിച്ചത്. ഇതേ തുടർന്നു വീട്ടിൽ ഓടിയെത്തിയ മാതാവ് നടത്തിയ പരിശോധനയിൽ അടുക്കളയുടെ പിൻവശത്ത് നിൽക്കുന്ന യുവാവിനെ കണ്ടെത്തി.
മഴയത്ത് വഴിയിലൂടെ നടന്നു പോയപ്പോൾ കയറി നിന്നതായിരുന്നു എന്നാണ് യുവാവ് പെൺകുട്ടിയുടെ അമ്മയോടു പറഞ്ഞ മറുപടി. തുടർന്നു മാതാവ് നാട്ടുകാരെ വിളിച്ചു കൂട്ടാൻ ഒരുങ്ങിയതോടെ യുവാവ് സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. ഇതേ തുടർന്നു പെൺകുട്ടിയുടെ മാതാവ് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ പൊലീസ് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയപ്പോഴാണ് കുട്ടി പല തവണ പീഡനത്തിനിരയായതായി കണ്ടെത്തിയത്. തുടർന്നു യുവാവിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് അറിയിച്ചു.