![](https://dailyindianherald.com/wp-content/uploads/2016/04/modi-l1.jpg)
കോഴിക്കോട്: രണ്ട് ദിവസം കോഴിക്കോട് തങ്ങുന്ന പ്രധാനമന്ത്രി മോദിക്ക് കനത്ത സുരക്ഷ ഒരുക്കുന്നതിനായി വിന്യസിച്ചത് 3000 പോലിസുകാരെ. എറണാകുളത്തിനും കാസര്‍കോടിനുമിടയിലെ വിവിധ സേ്റ്റഷനുകളിലും എ.ആര്‍.ക്യാമ്പിലും നിന്നുള്ളവരാണിവര്‍. കോഴിക്കോട്ട് ക്യാമ്പ് ചെയ്യുന്ന ഡി.ജി.പി. ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനമൊരുക്കിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ ഐ.ജി. ഗുപ്തയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ്.പി.ജി) സുരക്ഷക്കായുണ്ട്. ഫയര്‍ ഫോഴ്സ,് ആംബുലന്‍സ്, മൊബൈല്‍ ജാമര്‍, എന്നിവയടങ്ങളങ്ങുന്ന 25 വാഹനങ്ങളുടെ വ്യൂഹത്തില്‍ ദല്‍ഹിയില്‍ നിന്ന് എത്തിച്ച കവചിത വഹനത്തിലാണ് പ്രധാനമന്ത്രി നഗരത്തില്‍ സഞ്ചരിക്കുക. അദ്ദേഹം പോവുന്ന റൂട്ടുകള്‍ ഒമ്പത് മേഖലകളാക്കി തിരിച്ച് ഓരോന്നിനും എസ്.പി.റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
എറ്റവും മുമ്പില്‍ സൈറന്‍മുഴക്കിയുള്ള പോലിസ് വാഹനവും പുറകില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നയിക്കുന്ന ലീഡ് വാഹനവും നീങ്ങും. പ്രധാനമന്ത്രി കയറിയവയടക്കം മൂന്ന് കവചിത വാഹനങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ വെള്ളക്കാറുകള്‍ അണിനിരക്കും. പ്രധാനമന്ത്രി ഇറങ്ങുന്ന വിക്രം മൈതാനത്തിന്‍െറ ചുമതല താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫിനും പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന ബീച്ചിന്‍െറ ചുമതല ഉത്തരമേഖലാ ഐ.ജി ദിനേശ് കാശ്യപിനുമാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും നഗരം അരിച്ച് പെറുക്കിക്കഴിഞ്ഞു. കടപ്പുറത്ത് പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയിലുള്ള സൗണ്ട് സിസ്റ്റമടക്കം മുഴുവന്‍ സാധനങ്ങളും എസ്.പി.ജിക്കാര്‍ തുറന്ന് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി. വേദിക്ക് ചുറ്റും സി.സി.ടിവിയും കടലില്‍ നിന്ന് രാത്രിയടക്കം നിരീക്ഷണം നടത്താന്‍ ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പ്രസംഗിക്കുക പ്രത്യേകമായി എത്തിച്ച ബുള്ളറ്റ് പ്രൂഫ് പ്രസംഗ പീഠത്തില്‍ നിന്ന് കൊണ്ടാണ്.