കോഴിക്കോട്: കോഴിക്കോടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ചേര്‍ന്നു സ്വീകരിച്ചു.
പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കോഴിക്കോട് സന്ദര്‍ശനമാണിത്.
കോഴിക്കോട്ട് ആഗോള ആയുര്‍വേദ ഫെസ്റ്റിവലും പ്രധാനമന്ത്രി പ്രസംഗിക്കും. ആയുര്‍വേദ ഫെസ്റ്റിവലില്‍ ചെലവഴിക്കുന്ന 50 മിനിറ്റുള്‍പ്പെടെ ഒന്നര മണിക്കൂര്‍ മാത്രമാണു പ്രധാനമന്ത്രി കേരളത്തില്‍ ഉണ്ടാവുക.അതിനിടെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായി. ജസ്റ്റിസ് പി.സദാശിവത്തെ സ്വീകരിക്കാന്‍ ആരും എത്തിയില്ല. ആഭ്യന്തര ടെര്‍മിനലിനു പകരം കാര്‍ നിര്‍ത്തിയത് കാര്‍ഗോ കോംപ്ലക്സില്‍. ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.
കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന നാലു കിലോമീറ്റര്‍ പാതയിലൂടെയുള്ള ഗതാഗതം രാവിലെ ഒന്‍പതു മുതല്‍ പൂര്‍ണമായും നിരോധിച്ചു. ഐഎസിന്റെ ഉള്‍പ്പെടെ തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനമിറങ്ങിയ കരിപ്പൂര്‍ വിമാനത്താവളത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വേമുലയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഇവരെ പൊലീസ് തടഞ്ഞു. പ്രധാനമന്ത്രിയ്ക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബലൂണ്‍ പറത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പൊലീസ് ഇടപെട്ട് ഇതും തടഞ്ഞിരുന്നു.
കരിപ്പൂരില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം വെസ്റ്റ്‌ഹില്‍ വിക്രം മൈതാനിയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, വി. മുരളീധരന്‍, പി.എസ് ശ്രീധരന്‍ പിള്ള, കെ.സുരേന്ദ്രന്‍, കെ.പി ശ്രീശന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരം പൂര്‍ണമായും പോലീസിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും നിയന്ത്രണത്തിലാണ്. കോഴിക്കോട്ടെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി കോയമ്പത്തൂരിലേക്ക് പോകും.