ഞാന്‍ രാജ്യത്തിന്റെ പ്രധാന സേവകനാണ് നരേന്ദ്ര മോദി

സഹറന്‍പൂര്‍∙ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് താനെന്ന് നരേന്ദ്ര മോദി. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. തങ്ങള്‍ അധികാരത്തിലേറുമ്പോള്‍ കോണ്‍ഗ്രസിന്റെ അഴിമതികളെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു നിരന്തരം പത്രങ്ങളില്‍ വന്നിരുന്നത്. പ്രമുഖ നേതാക്കളാണ് കേസുകളില്‍ കുടുങ്ങിയിരുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. ‍ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഞങ്ങള്‍ അധികാരത്തിയതിനുശേഷം അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തിന് ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ സാധിച്ചിട്ടുമില്ലെന്നും മോദി പറഞ്ഞു. തന്റെ സര്‍ക്കാരിനെ സസൂക്ഷ്മം വീക്ഷിക്കുകയാണ് ലോകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഞാന്‍ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന്റെ ഓരോ സെക്കന്‍ഡിനും സര്‍ക്കാര്‍ ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കണക്കുവേണം – മോദി പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തുനിന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സമതലങ്ങളില്‍ നിന്ന് അവര്‍ സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു. ചില മലയോര പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ ചില അവശേഷിപ്പുകളെങ്കിലുമുള്ളത്. അവിടെനിന്നും അവര്‍ തുടച്ചുനീക്കപ്പെടുന്ന കാലം വിദൂരമല്ല – രാജ്നാഥ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 14 വര്‍ഷമായി വനവാസം അനുഭവിക്കുന്ന ബിജെപിയുടെ ശക്തമായ തിരിച്ചുവരവിനുള്ള സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് രണ്ടാഴ്ച നീളുന്ന പ്രചരണ പരിപാടികള്‍ക്കാണ് ഉത്തര്‍ പ്രദേശിലെ സഹറന്‍പൂരില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതു കൂടി കണക്കിലെടുത്താണ് പ്രചാരണ പരിപാടികള്‍ക്ക് ഉത്തര്‍പ്രദേശ് വേദിയായത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന 200 റാലികളില്‍ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.

Top