ന്യൂയോര്‍ക്: അഞ്ചുദിവസം നീളുന്ന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യം ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍നിന്ന് പലപ്പോഴായി അപഹരിക്കപ്പെട്ട ഇരുന്നൂറോളം പൈതൃക വസ്തുക്കള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ താല്‍പര്യമെടുത്ത പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് നരേന്ദ്ര മോദി നന്ദി അറിയിയിച്ചു.മൂന്ന് ദിവസം അമേരിക്കയില്‍ തങ്ങുന്ന മോദി പ്രസിഡന്‍റ് ബറാക് ഒബാമ അടക്കമുള്ളവരുമായി തന്ത്രപ്രധാനകാര്യങ്ങളില്‍ ചര്‍ച്ച നടത്തും.
ബുധനാഴ്ച മോദിയുടെ ബഹുമാനാര്‍ഥം ഒബാമ പ്രത്യേക ഉച്ചവിരുന്നൊരുക്കും. അമേരിക്കയിലെ വ്യാപാര പ്രമുഖരുമായി പ്രധാനമന്ത്രി സംവദിക്കും. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും.യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. യു.എസില്‍ നിന്ന് മെക്സികോയിലേക്കാണ് മോദിയുടെ യാത്ര.