ഉറിയിലെ ആക്രമണത്തിന് തിരിച്ചടി നല്‍കും ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

കോഴിക്കോട്:ജമ്മുകശ്‍മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധമിരമ്പുകയാണെന്ന് പ്രധാനമന്ത്രി.ഉറിയിലെ  ഭീകരാക്രമണം ഇന്ത്യ ഒരിക്കലും പൊറുക്കില്ലെന്നും അതിന് അതിന്റേതായ രൂപത്തില്‍ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഭീകരവാദത്തിന് മുന്നില്‍ ഇന്ത്യ മുട്ട് മടക്കുന്ന പ്രശ്‌നമേയില്ലെന്ന് മോദി ആവര്‍ത്തിച്ചു.18 ജവാന്‍മാരാണ് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്. നമ്മുടെ ജവാന്‍മാരുടെ രക്തസാക്ഷിത്വം മറക്കാനാകില്ല. ഇതിന് രാജ്യം മാപ്പുനല്‍കില്ല. ഭീകരര്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കും. ഭീകരര്‍ പറയുന്നത് അതേപടി ഏറ്റുപാടുകയാണ് പ്രധാനമന്ത്രി നവാസ്ഷെരീഫ്. അത് കേള്‍ക്കാന്‍ താത്പര്യമില്ല. അവരോട് ഒന്നും പറയാനുമില്ല. പാക് ജനതയോട് സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കോഴിക്കോട് നടന്ന് ബിജെപി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം മുഴുവന്‍ ആശങ്കയുടെ സാഹചര്യമാണ്. കാശ്മീരിലെ ഉറിയില്‍ അയല്‍രാജ്യത്തിന്റെ പിന്തുണയോടെ തീവ്രവാദികള്‍ നമ്മുടെ 18 സൈനീകരെ കൊലപ്പെടുത്തി.കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ 17 തവണ അതിര്‍ത്തി ഭേദിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ നമ്മുടെ സൈന്യം അതിനെ സമര്‍ത്ഥമായി നേരിട്ട് പരാജയപ്പെടുത്തി. ഇത്തരത്തില്‍ 110ത്തോളം ഭീകരവാദികളെ കാലപുരയിലേക്ക് അയക്കാന്‍ ഇന്ത്യന്‍ സേനക്ക് കഴിഞ്ഞു.ഈ 17 സംഭവങ്ങളില്‍ രാജ്യത്തെ രക്ഷിക്കാനുള്ള സമര്‍ത്ഥമായ സൈന്യത്തിന്റെ പരിശ്രമവും ,ചെറുത്ത് നില്‍പ്പും നമ്മുക്ക് അഭിമാനം നല്‍കുന്നു. ഓരോ സൈനീകനെ ഓര്‍ത്തും രാജ്യം അഭിമാനം കൊള്ളുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും ഫലപ്രദമായ രീതിയില്‍ സേനക്ക് ഭീകരരെ നേരിടാന്‍ സാധിച്ചത് ആയുധബലം കൊണ്ടല്ല.ആയുധം സൈനീകര്‍ക്ക് കളിപ്പാട്ടമാണ്. ജനങ്ങളുടെ മനസ്സിന്റെ പിന്തുണയോട് കൂടിയാണ്. ആ പിന്തുണയാണ് വിദേശ ശക്തികളെ നേരിടാന്‍ അവര്‍ക്കുള്ള ഊര്‍ജ്ജം.അയല്‍രാജ്യത്തെ ചില നേതാക്കള്‍ പറയുമായിരുന്നു 1000 കൊല്ലം യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന്. എന്നാല്‍ അവരുടെ പരാക്രമം ചവറ്റ് കൊട്ടയിലായി.ഇപ്പോള്‍ അവിടുത്തെ നേതാവ് ഭീകരവാദികള്‍ എഴുതിയ പ്രസംഗം വായിച്ച് കാശ്മീരിന്റെ പാട്ട് പാടുന്നു.ഭീകരവാദികളുടെ പ്രസംഗം വായിക്കുന്ന ആളുകളെ കുറിച്ച് കൂടുതലൊന്നും പറയേണ്ട കാര്യമില്ല. ലോകത്തിന് അവരെക്കുറിച്ചറിയാം. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഉദ്ദേശിച്ച് മോദി തുറന്നടിച്ചു.

പാക്കിസ്ഥാനിലെ ജനതയോടായി പറയുന്നു… 1947 ന് മുന്‍ നിങ്ങളുടെ പൂര്‍വ്വികര്‍ ഈ നാടിനെ പ്രണമിച്ചാണ് നിന്നിരുന്നത്. പാക്ക് അധീന കാശ്മീര്‍ നേരായ രീതിയില്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല. ബംഗ്ലാദേശ്,സിന്ധ്,ബലൂചിസ്ഥാന്‍ ഇതൊക്കെ നിങ്ങളുടെ ഭാഗമല്ലേ? എന്തുകൊണ്ട് നേരായ രീതിയില്‍ നിങ്ങള്‍ക്ക് കൊണ്ടു പോകാന്‍ സാധിക്കുന്നില്ല. അതിന് കഴിയാത്ത നിങ്ങള്‍ കാശ്മീരിന്റെ പേര് പറഞ്ഞ് ഞങ്ങളെ വിഡ്ഢികളാക്കരുത്.നിങ്ങളുടെ നേതാക്കളോട് നിങ്ങള്‍ ചോദിക്കണം ഒരേ സമയത്ത് സ്വാതന്ത്യം നേടിയ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും, എന്നാല്‍ വിവരസാങ്കേതിക വിദ്യയിലടക്കം ഇന്ത്യ നേടിയ പുരോഗതിയെക്കുറിച്ച് അവരോട് നിങ്ങള്‍ ചോദിക്കണം.

ദാരിദ്ര്യമില്ലാതാക്കാനുള്ള യുദ്ധത്തിലേക്ക് നമുക്ക് നീങ്ങാം. അതിന് വേണ്ടി ആരാണ് മുന്നോട്ട് വരിക.പാക്കിസ്ഥാനിലെ ചെറുപ്പക്കാരോടായി ആവശ്യപ്പെടുന്നു തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള യുദ്ധം നമുക്ക് ആരംഭിക്കാം.പാക്കിസ്ഥാനിലെ കുട്ടികളോടായി പറയുന്നു, വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് നമ്മുക്ക് യുദ്ധം ചെയ്യാം.നവജാത ശിശുക്കളുടെ മരണം, പ്രസവ ശേഷമുള്ള അമ്മമാരുടെ മരണം ഇതിനെ തടയാന്‍ നമ്മുക്ക് യുദ്ധം ചെയ്യാം-വികാരഭരിതനായി മോദി പറഞ്ഞു.

പാക്ക് നേതൃത്വം മനസ്സിലാക്കണം നമ്മുടെ 18 ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ല. പാക്കിസ്ഥാനിലെ ജനത അവിടുത്തെ നേതൃത്വത്തിനും തീവ്രവാദത്തിനും എതിരായ പോരാട്ടത്തില്‍ പങ്കാളികളാകുന്ന ദിവസം വിദൂരമല്ലെന്നും മോദി ചൂണ്ടിക്കാട്ടി.രാജ്യത്തലവന്മാരെ നേരിട്ട് കാണുമ്പോള്‍ ഇന്ത്യാക്കാര്‍, മലയാളികള്‍ എന്നിവരുടെ അധ്വാനശീലത്തെക്കുറിച്ചുള്ള പ്രശംസ കേട്ട് അഭിമാനം തോന്നിയതായും മോദി പറഞ്ഞു.ഈ ഭൂമിയില്‍ വീണ്ടുമൊരിക്കല്‍ വരാന്‍ അവസരം ലഭിച്ചു. ഏതാനും വര്‍ഷം മുന്‍പ് വിശാലമായ ഒരു രാഷ്ട്രീയ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. അന്ന് കാണാത്ത ഒരു പ്രത്യേകത ഇന്ന് കണ്ടു. ഈ വരവില്‍ ഹെലിപാട് മുതല്‍ ഇവിടെ മനുഷ്യഭിത്തിയെന്ന വലിയ പ്രത്യേകതയാണ് കണ്ടത്.

50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഭൂമിയിലാണ് ദീന്‍ദയാല്‍ ഉപാധ്യായ ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്. അന്ന് അത് ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ എത്രത്തോളം താല്‍പര്യമെടുത്തെന്ന് അറിയില്ല.എന്നാല്‍ ഇന്ന് 125 കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് ഏറ്റവും വലിയ പാര്‍ട്ടിയായി ഭാരതീയ ജനതാപാര്‍ട്ടി മാറിയിരിക്കുന്നു. ഭരണമേറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരിക്കുന്നു.മഹാത്മാഗാന്ധി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യയ, റാം മനോഹര്‍ ലോഹ്യ ഇവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളാണ് ഈ രാജ്യത്തിന്റെ പ്രവര്‍ത്തനത്തിന്റെ അടിത്തറ.

ദേശീയ ജനാധിപത്യസഖ്യത്തിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് നേതാവയെന്നെ തെിരഞ്ഞെടുത്തപ്പോള്‍ അവരെ അഭിസംബോധന ചെയ്ത് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായിരിക്കും ഇതെന്ന് പറഞ്ഞിരുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തില്‍ അധിഷ്ഠിതമാണ് ഈ സര്‍ക്കാരിന്റെ 2 വര്‍ഷത്തെ പ്രവര്‍ത്തനം.അധികാരത്തിന്റെ ഇടനാഴികളിലെത്തുന്നതിന് മുന്‍പ് വര്‍ഷങ്ങളോളം സംഘടനാ പ്രവര്‍ത്തനം നടത്തിയ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് നയിച്ച നിരവധി വ്യക്തികള്‍ നല്‍കിയ സംഭാവനകള്‍ നമ്മള്‍ സ്മരിക്കണം- മോദി ആവശ്യപ്പെട്ടു.

സ്വന്തം പ്രത്യശാസ്ത്രത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പ്രവര്‍ത്തകരാണ് അടിപതറാതെ ലക്ഷ്യം കാണാന്‍ മുന്നോട്ട് പോകാന്‍ പ്രേരണ.കേരളത്തിലെ പ്രവര്‍ത്തകര്‍ നല്‍കിയ ബലിദാനം ഒരിക്കലും വ്യര്‍ത്ഥമാകില്ല. കേരളത്തിലും മാറ്റമുണ്ടാകാന്‍ പോകുന്നു. ആ മാറ്റത്തിന് ഭാരതീയ ജനതാപാര്‍ട്ടി നിമിത്തമാകും.കേരളം ഈ രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കാന്‍ ശേഷിയുള്ള സംസ്ഥാനമാണ്. അതിന് വേണ്ട എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാരും ബിജെപിയും നല്‍കും.

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന സന്ദേശവുമായി മുന്നോട്ട് പോവുന്നു. പുരോഗതിയിലേക്കുള്ള സമ്പദ് വ്യവസ്ഥായയി ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ മാറിയതായും മോദി പറഞ്ഞു.മത്സ്യ ബന്ധന മേഖല.കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരുടെയല്ലാം ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.മനുഷ്യരാശിയുടെ മുന്‍പാകെ നിരവധി വെല്ലുവിളികള്‍ ഉണ്ട്. 21-ാം നൂറ്റണ്ട് ഏഷ്യയുടേതാണ്. അതിനായ് ഏഷ്യാ ഭൂഖണ്ഡത്തിലെ മുഴുവന്‍ രാജ്യങ്ങളും അവരുടെ കഴിവിന്റെ പരമാവധി പ്രയോഗിക്കുന്നു.

മുഴുവന്‍ രാജ്യങ്ങളും അതിനായി പരിശ്രമിക്കുമ്പോള്‍ ഒരു രാജ്യം മാത്രം അശാന്തി ഉണ്ടാക്കുന്നു. രക്തപ്പുഴകള്‍ സൃഷ്ടിക്കുന്നു. ഈ ഭൂഖണ്ഡം പുരോഗതിയിലേക്ക് നീങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുന്നു-പാക്കിസ്ഥാനെ പരാമര്‍ശിച്ച് മോദി പറഞ്ഞു.

ഏഷ്യയില്‍ എവിടെയൊക്കെ ഭീകരവാദ സംഭവങ്ങള്‍ ഉണ്ടാക്കുന്നുവോ അതിന് എല്ലാത്തിനും പിന്നില്‍ ഈ രാജ്യമാണ്.ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഭീകരവാദ സംഭവങ്ങള്‍ ഉണ്ടായാല്‍ ഈ രാജ്യത്തിന്റെ പേര് ചര്‍ച്ച ചെയ്യുന്നു.ഒന്നുകില്‍ തീവ്രവാദികള്‍ ഈ രാജ്യത്ത് നിന്ന് പോയി ആക്രമണം നടത്തുന്നു. അല്ലെങ്കില്‍ ബിന്‍ലാദനെപ്പോലെ ഭീകരവാദം നടത്തിയതിന് ശേഷം ഈ രാജ്യത്ത് വന്ന് ഒളിവില്‍ താമസിക്കുന്നു.

കേരളത്തിലെ ജനങ്ങള്‍ ഈ രാജ്യത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുള്ളവരാണ്. മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന കേരളത്തിലെ നഴ്‌സുമാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയി തടവിലാക്കി. കേന്ദ്രസര്‍ക്കാന്‍ നടത്തിയ വിവിധ നീക്കങ്ങളുടെ ഫലമായി അവരെ തിരിച്ച് മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ സാധിച്ചു- മോദി ചൂണ്ടിക്കാട്ടി

ഭീകരവാദം മനുഷ്യകുലത്തിന്റെ മുഴുവന്‍ ശത്രുവാണ്. ഭാരതം അതിന് മുന്നില്‍ മുട്ടു മടക്കില്ല. മുട്ടുമടക്കാന്‍ ഉദ്ദേശ്യമില്ല.ഈ ഭാരതം ശാന്തിയുടെയും വേഗതയുടെയം നാടാണ്. ഈ നാടിന്റെ ഭാവി രചിക്കാനുള്ള പരിശ്രമങ്ങളെയാണ് ഈ നാട് പ്രതീക്ഷിക്കുന്നത്.ദീന്‍ദയാല്‍ജിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും മോദി വ്യക്തമാക്കി.

മലയാളത്തിൽ അഭിസംബോധന ചെയ്താണ് മോദി പ്രസംഗം ആരംഭിച്ചത്.  സാമൂതിരിയെയും കുഞ്ഞാലിമരക്കാരെയും മോദി മലയാളത്തിൽ അനുസ്മരിച്ചു.  മലയാളികളെ വാനോളം പുകഴ്ത്തിയ മോദി കേരളീയനെ ലോകം ആദരവോടെ കാണുന്നതായി വ്യക്തമാക്കി. പ്രവാസികളെ സംബന്ധിച്ച പ്രശ്നങ്ങൾ അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളത്തിലെ നഴ്സുമാരെ തട്ടിക്കൊണ്ട് പോയ സാഹചര്യം ഉണ്ടായപ്പോൾ കേന്ദ്രസർക്കാറാണ് അവരെ മോചിപ്പിച്ചതെന്നും മോദി പറഞ്ഞു.

കേരളത്തിൽ ബി.ജെ.പി അടുത്തതവണ അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷൻ അമിത്ഷാ വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ അതിക്രമങ്ങൾ വർധിച്ചു. സർക്കാർ സ്പോൺസേഡ് അതിക്രമങ്ങൾ തടയണം. കേരളത്തിന് അപമാനമാണിതെന്നും അമിത്ഷാ വ്യക്തമാക്കി.

നേരത്തെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ പ്രധാനമന്ത്രി  കോഴിക്കോട് വിക്രം മൈതാനിയിൽ ഹെലികോപ്ടർ ഇറങ്ങുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ മഹാസമ്മേളനത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര മന്ത്രിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, 11 പാര്‍ലമെന്‍ററി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ കടപ്പുറത്തെ വേദിയിലുണ്ടായിരുന്നു.

Top