ന്യൂഡല്‍ഹി: കശ്മീരിലെ സൈനികരുടെ ജീവത്യാഗം മോദി രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.രാജ്യത്തെ വിഭജിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം.ഉത്തര്‍പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഒരു മാസത്തോളം നീണ്ട റോഡ് ഷോയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യയ്ക്കായി പാക്ക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് അദ്ദേഹം.
ധീര ജവാന്‍മാരുടെ ജീവത്യാഗത്തെ ചൂഷണം ചെയ്യുന്ന മോദിയുടെ ഈ നടപടി തെറ്റാണെന്നും രാഹുല്‍ പറഞ്ഞു.കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ ഭരണത്തിനിടെ, പ്രധാമന്ത്രിയെന്ന നിലയില്‍ മോദിയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യ നടപടിയാണ് പാക്ക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യന്‍ സൈന്യം കശ്മീരില്‍ അവരുടെ കര്‍ത്തവ്യം വളരെ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. താങ്കളെ ഭരിക്കാനായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. താങ്കള്‍ ആ ജോലിയും ഭംഗിയായി ചെയ്യുക – രാഹുല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരം പിടിച്ചശേഷം, വാക്ക് പാലിക്കാതെ ഒഴിഞ്ഞുമാറുകയാണ് മോദി. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്നതായിരുന്നു മോദിയുടെ വാഗ്ദാനം. പക്ഷേ, ആ അക്കൗണ്ടുകളിലൊന്നും പണമില്ല. അദ്ദേഹത്തിന്റെ എല്ലാ വാഗ്ദാനങ്ങളും വ്യാജമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.