എന്‍ഡിഎ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും ! മോദി പ്രധാനമന്ത്രി പദത്തിൽ നിന്നും ഔദ്യോഗികമായി രാജി വെച്ചു; രാഷ്ട്രപതിക്ക് രാജി കത്ത് നൽകി.

ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ച് നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നേരിട്ട് രാജി സമർപ്പിച്ചു. അതെ സമയം ശനിയാഴ്ച്ച എൻഡിഎ സഖ്യകക്ഷിക്ക് കീഴിലുളള സർക്കാർ രുപീകരിക്കുമെന്ന് മോദി രാഷ്‌ട്രപതിയെ അറിയിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്.രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സർക്കാർ രൂപീകരണ ചർച്ചകൾക്കായി ജെഡിയു നേതവ് നിതീഷ് കുമാറും, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഡൽഹിയിലെത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കുമെന്ന് നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഡിഎ യോഗത്തില്‍ പവന്‍ കല്യാണും പങ്കെടുക്കും. എൻഡിഎ എംപിമാരുടെ യോ​ഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. ആറു കേന്ദ്ര മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാനാണ് ടിഡിപിയുടെ തീരുമാനം. ആരോഗ്യം, കൃഷി, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളാണ് ടിഡിപി ലക്ഷ്യമിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയാൽ ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന നേതാവാകും മോദി.

2014-ൽ 282 സീറ്റുകളായിരുന്നു ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നത്. 2019-ൽ ഇത് 303 ആയി ഉയർന്നു. എന്നാൽ ഇത്തവണ 240 സീറ്റുകൾ നേടാൻ മാത്രമേ ബിജെപിയ്ക്ക് സാധിച്ചുള്ളൂ. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താൻ 32 സീറ്റുകളുടെ കുറവ്. അത് കൊണ്ട് മൂന്നാം തവണ അധികാരത്തിലേക്കെത്താൻ എൻഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും.

400 സീറ്റെന്ന പ്രഖ്യാപനവുമായി തിരഞ്ഞടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എക്സിറ്റ് പോളുകളെ മുഴുവൻ തള്ളിക്കൊണ്ട് ഇന്ത്യ മുന്നണി 232 സീറ്റുകൾ നേടി 2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച വാരാണസി ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം. 2019-ലെ ഭൂരിപക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്. അതെ സമയം നിതീഷ് കുമാറിന്റെ ജനതാദളിനെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും എൻഡിഎ പാളയത്തിൽ നിന്ന് തിരിച്ചു കൊണ്ട് വന്ന് ഇൻഡ്യ മുന്നണിയും സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

Top