ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ അടക്കം മേഖല സന്ദർശിക്കും . എസ്പിജി സംഘം ഉടൻ വയനാട്ടിലെത്തും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോക്കിക്കാണുന്നത്.