യാങ്കോണ്‍: നോട്ട് അസാധുവാക്കൽ പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാൻ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാൻമറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇത്തരം വലുതും കടുത്തതുമായ തീരുമാനങ്ങൾ രാജ്യത്തിന്‍റെ നൻമയ്ക്കു വേണ്ടിയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
രാജ്യത്തിന്‍റെ താത്പര്യങ്ങൾക്കായി, വലുതും കടുത്തതുമായ തീരുമാനങ്ങളെടുക്കാൻ ഒരിക്കലും മടിച്ചുനിൽക്കില്ല. രാഷ്ട്രീയത്തിനുമേലാണ് രാജ്യത്തിന്‍റെ താത്പര്യങ്ങൾ. സർജിക്കൽ സ്ട്രൈക്ക് ആയാലും നോട്ട് അസാധുവാക്കൽ ആയാലും ജിഎസ്ടി ആയാലും ഭയമോ മടിയോ ഇല്ലാതെയാണ് സർക്കാർ തീരുമാനങ്ങളെടുക്കുന്നത്- കേന്ദ്രസർക്കാരിന്‍റെ സാന്പത്തിക പരിഷ്കരണങ്ങളെ ന്യായീകരിച്ചുകൊണ്ട് മോദി പറഞ്ഞു. കള്ളപ്പണ ഇടപാടുകൾ നടത്തുന്നുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് രണ്ടു ലക്ഷത്തിൽ അധികം കന്പനികളുടെ രജിസ്ഷ്രേൻ റദ്ദാക്കിയതെന്നും മോദി മ്യാൻമറിൽ പറഞ്ഞു.
മോദിയുടെ സാന്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയിൽ വൻതോതിൽ വിമർശന വിധേയമാകുന്നതിനിടെയാണ് മോദി വിദേശത്ത് നയങ്ങൾ ന്യായീകരിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചശേഷം വിപണിയിലുണ്ടായിരുന്നതിന്‍റെ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം റിസർവ് ബാങ്ക് പുറത്തുവിട്ടിരുന്നു.