തിരുവനന്തപുരം: തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഡിസംബര്‍ 14 തിങ്കളാഴ്ച കേരളത്തിലെത്തും. കൊല്ലത്ത് ആര്‍.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം, ശിവഗിരിമഠം സന്ദര്‍ശനം, കൊച്ചിയില്‍ സൈനികമേധാവികളുടെ സംയുക്തയോഗത്തില്‍ പങ്കെടുക്കല്‍, തൃശ്ശൂരില്‍ ബി.ജെ.പി.യുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യല്‍ തുടങ്ങി തിരക്കിട്ട പരിപാടികളുമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.14, 15 തീയതികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി. 14 ന് വൈകീട്ട് 4.10 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ പ്രധാനമന്ത്രി കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തിച്ചേരും. അവിടെ സ്വീകരണശേഷം 4.15ന് ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടിലേക്ക് തിരിക്കും. കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ള ഹെലിപാഡില്‍ പ്രധാനമന്ത്രിയുമായി ഹെലികോപ്റ്റര്‍ 4.45 ന് എത്തിച്ചേരും.
4.50 ന് തേക്കിന്‍കാട് മൈതാനത്തില്‍ എത്തുന്ന പ്രധാനമന്ത്രി അഞ്ചിന് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.05 ന് കൊച്ചിയിലേക്ക് റോഡ് മാര്‍ഗം തിരിച്ച് 7.15 ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും.
15 ന് രാവിലെ 8.50ന് ഐഎന്‍എസ് ഗരുഡയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാര്‍ഗം എത്തിച്ചേരും. 9 ന് ട്രൈ സര്‍വീസ് ഗാര്‍ഡ് ഓഫ് ഓണര്‍. തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്ററില്‍ 9.30 ന് ഐഎന്‍എസ് വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും.
1.45 ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രാമം മൈതാനത്തേക്ക് തിരിക്കുന്ന അദ്ദേഹം 2.35 ന് അവിടെ എത്തും. 2.45 ന് എസ്എന്‍ കോളേജിലെത്തുന്ന പ്രധാനമന്ത്രി മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 3.30 വരെ എസ്എന്‍ കോളേജിലെ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 4.05 ന് വര്‍ക്കലയില്‍ എത്തുന്ന അദ്ദേഹം 4.15ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുദേവ സമാധിയില്‍ ആദരങ്ങള്‍ അര്‍പ്പിച്ച ശേഷം ശിവഗിരിയില്‍ വൃക്ഷത്തൈ നടും. 4.35 വരെ ശിവഗിരി മഠത്തില്‍ ചെലവഴിക്കും.
പിന്നീട് 4.50 ന് ശംഖുമുഖത്തേക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിക്കുന്ന പ്രധാനമന്ത്രി 5.10 ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരും. ഇവിടെ വച്ച് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ന്യൂദല്‍ഹിക്ക് മടങ്ങിപ്പോകും.