ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വര്‍ഷത്തെ വിദേശ യാത്രയ്ക്ക് ചെലവായത് 37 കോടി രൂപ. 16 രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അതിലേറ്റവും കൂടുതല്‍ തുക ചെലവായത് ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനാണ്. മോദിക്കും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിനും ഹോട്ടലിലെ താമസത്തിനായി അഞ്ചു കോടിയിലധികവും കാറുകളുടെ വാടകയ്ക്കായി രണ്ടു കോടിയിലധികവും ചെലവായി. ഭൂട്ടാന്‍ സന്ദര്‍ശനമാണ് ഏറ്റവും ചെലവ് കുറഞ്ഞത്. 41.33 ലക്ഷമാണ് ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ചെലവായത്.
16 രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ കണക്കാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിരിക്കുന്നത്. 2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍ വരെ 20 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചിരിക്കുന്നത്. ഓസ്ട്രേലിയ (8.91 കോടി), യുഎസ് (6.13 കോടി), ജര്‍മനി (2.92 കോടി), ഫിജി (2.59 കോടി), ചൈന (2.34 കോടി) പട്ടികയിലെ ആദ്യ അഞ്ചു രാജ്യങ്ങള്‍ ഇവയാണ്. ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
അധികാരത്തിലേറി ഒരു വര്‍ഷത്തിനിടെ 17 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി 53 ദിവസങ്ങളാണ് മോദിക്ക് വേണ്ടിവന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തു നിന്നും വ്യത്യസ്തനല്ല മോദിയുമെന്നു ഇതില്‍ നിന്നും വ്യക്തമാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരു വര്‍ഷത്തിനിടെ 12 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 47 ദിവസങ്ങളാണ് അദ്ദേഹത്തിന് ഇതിനായി വേണ്ടിവന്നത്.