കണ്ണൂര്‍ :ഈ കവിത ആരേയും ചിന്തിപ്പിക്കും -ഹൃദയം ഉള്ളവരെ കരയിപ്പിക്കും .കഴിഞ്ഞ ദിവസം ധര്‍മ്മടം ആണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയ എഴുതിയ കവിത നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുമ്പോള്‍ കണ്ണീരുണങ്ങാത്ത കണ്ണൂരിനു വേണ്ടിയും പിഞ്ചു പൈതലിന്റെ വേദനയിലും വേദനിക്കുന്ന സമൂഹത്തെ കാണാം . ‘കൊന്നുവോ നിങ്ങളെന്നച്ഛനെ’ എന്ന വരികളില്‍ ആരംഭിക്കുന്ന കവിത, അച്ഛന്‍ സന്തോഷിനെ കൊലപാതകത്തെ പ്രമേയമാക്കിയാണ് വിസ്മയ രചിച്ചിരിക്കുന്നത്.
വിസ്മയയുടെ കവിത :
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെന്‍ സ്‌നേഹഗന്ധത്തിനെ,
കൊന്നുവെന്‍ നിങ്ങളെന്‍ ജീവിതത്തൂണിനെ?
കൊന്നുവോ, കൈവിരല്‍ ചേര്‍ത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ,ജീവിതത്തിന്റെയില്ലായ്മയില്‍
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ?
കൊന്നുവോ, മുന്നിലെ ജീവിതപ്പാതയില്‍
കൊന്നപോല്‍ പൂത്തു നില്‍ക്കേണ്ടൊരെന്‍ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നോരെന്‍ മുഗ്ദമാം-
മോഹങ്ങള്‍ നെഞ്ചേറ്റി നിന്ന മാനത്തിനെ?
കൊന്നുവോ നിങ്ങളെന്നന്തരംഗത്തി…
കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്ക്, നീളേണ്ടൊരെന്‍ വഴിക്കണ്ണിനെ?
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ????…
വിസ്മയയുടെ കവിതയെ ഉദ്ധരിച്ച് കൊണ്ട് ജോയ് മാത്യു ഉള്‍പ്പെടെയുള്ള കലാകാരന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘സഖാവ് ‘എന്ന പൈങ്കിളിക്കവിത സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കാന്‍ തിടുക്കം കൂട്ടിയവര്‍ അതേ തിടുക്കത്തില്‍ അച്ചന്‍ നഷ്ടപ്പെട്ട ഈ മകളുടെ കണ്ണുനീര്‍ കവിതയും പ്രചരിപ്പിക്കണമെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കണ്ണീരുണങ്ങാത്ത കണ്ണൂരിന്നു വേണ്ടി വിസ്മയ എന്ന പിതാവ് നഷ്ടപ്പെട്ട കുട്ടിയുടെ കവിത താന്‍ പകര്‍ത്തുന്നൂവെന്ന് സൂചിപ്പിച്ച ജോയ് മാത്യു, ഈ കവിത പിതാവ് നഷ്ടപ്പെട്ട മകള്‍ എഴുതിയതാണെന്ന് കരുതി വായിക്കൂവെന്നും അപ്പോള്‍ ഹൃദയമുള്ളവര്‍ക്ക് കവിത മനസ്സിലാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ജോയ് മാത്യു ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു. ഒരു ഓര്‍മ്മപ്പെടുത്തല്‍ : കൊല്ലപ്പെട്ട മുരളിയുടെ മകള്‍ കവിതയെഴുതാത്തത് കൊണ്ടാണോ ഞാന്‍ ഈ കുട്ടിയുടെ കവിത പ്രോത്സാഹിപ്പിക്കുന്ന് എന്ന് എന്നെ കുറ്റപ്പെടുത്തുന്നവരോട് ഒരു വാക്ക് : ഈ കവിത പിതാവ് നഷ്ടപ്പെട്ട മുരളിയുടെ മകള്‍ എഴുതിയതാണെന്ന് കരുതി വായിക്കൂ, അപ്പോള്‍ ഹൃദയമുള്ളവര്‍ക്ക് കവിത മനസ്സിലാകും. അത് സന്തോഷിന്റെ മകളായാലും മുരളിയുടെ മകളായാലും നമുക്ക് ഒരു പോലെ കാണാനാകണം. അച്ചന്‍ നഷ്ടപ്പെടുന്ന മക്കളുടെ വേദന ആദ്യം മനസ്സിലാക്കുക.നേരത്തെ, സെല്‍ മീ ദി ആന്‍സര്‍ ഷോയിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലും വിസ്മയ എന്ന കൊച്ചുമിടുക്കി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.