സ്‌പോട്‌സ് ഡെസ്‌ക്
മുംബൈ: പോയിന്റുപട്ടികയിൽ ആരൊക്കെ എവിടെയൊക്കെയാണ് എന്നത് ഇനി പ്രശ്‌നമല്ല. ടി20 ലോകകപ്പിന്റെ സെമിയിൽ ഇന്ത്യയും വിൻഡീസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ എല്ലാ കണ്ണുകളും വാംഖഡെ സ്റ്റേഡിയത്തിലേക്കാണ്. ടി20 ലോകകപ്പിൽ വ്യാഴാഴ്ച ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടുമ്പോൾ ഇവിടത്തെ പിച്ച് എങ്ങനെയായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചരിത്രം പരിശോധിച്ചാൽ ഇത് ബാറ്റ്‌സ്മാന്മാരുടെ പറുദീസയാണ്. മുമ്പ് നടന്ന ടി20 മത്സരങ്ങളും അതിന് അടിവരയിടുന്നു. തെളിഞ്ഞ അന്തരീക്ഷം കൂടിയായതോടെ റണ്ണൊഴുക്കിന് സാധ്യതയേറെയാണ്. ഇതിൽനിന്ന് വ്യത്യസ്തമായി ക്യൂറേറ്റർ സുധീർ നായിക് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടോ എന്നുമാത്രമേ അറിയാനുള്ളൂ.
ഈ ലോകകപ്പിൽ ഇവിടെനടന്ന മത്സരങ്ങളിലെല്ലാംതന്നെ മികച്ച സ്‌കോറുകൾ കണ്ടെത്താൻ ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്. തോറ്റെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇവിടെ സന്നാഹമത്സരത്തിൽ ഇന്ത്യ 196 റൺസടിച്ചിരുന്നു. ഇംഗ്ലണ്ട്‌വെസ്റ്റിൻഡീസ് മത്സരത്തിന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 182 റൺസെടുത്തപ്പോൾ വെറും നാലു വിക്കറ്റ് നഷ്ടത്തിൽത്തന്നെ വെസ്റ്റിൻഡീസ്. ഇത് മറികടന്നു. തകർപ്പൻ സെഞ്ചുറിയോടെ ഗെയിലും (48 പന്തിൽ 100*) മത്സരത്തിന്റെ സവിശേഷത. ന്യൂസീലൻഡിനെതിരെ ദക്ഷിണാഫ്രിക്ക പടുത്തുയർത്തിയ 229 റൺസ് മറികടക്കപ്പെട്ടതും ഇതേ പിച്ചിലാണ്. 44 പന്തിൽ 83 റൺസ് നേടിയ ജോ റൂട്ടിന്റെ പ്രകടനം ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. ദക്ഷിണാഫ്രിക്ക കുറിച്ച 209 റൺസിനെതിരെ അഫ്ഗാനിസ്താന്റെ വീറുറ്റ പോരാട്ടവും തൊട്ടുപിന്നാലെ കണ്ടു. .
ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളൊക്കെ വാംഖഡെയിലെ സൈഡ് പിച്ചിലാണ് നടന്നത്. എന്നാൽ ഇന്ത്യവെസ്റ്റിൻഡീസ് സെമി നടക്കാൻ പോകുന്നത് സെൻട്രൽ പിച്ചിലാണ്. ഈ പിച്ചും നേരത്തെ കുപ്രസിദ്ധി നേടിയതാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇവിടെ നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയത് നാലു വിക്കറ്റിന് 438 റൺസായിരുന്നു. അന്ന് 214 റൺസിനാണ് ആതിഥേയർ തോറ്റത്. ആദ്യം ബാറ്റു ചെയ്യുന്ന ടീം 200 റൺസെടുത്താലും വിജയം ഉറപ്പിച്ചെന്നു പറയാൻ കഴിയാത്ത സ്ഥിതിയാണ് ഈ പിച്ചിലുള്ളത്. തുടക്കത്തിൽ തപ്പിത്തടഞ്ഞ ഇന്ത്യ താളം കണ്ടെത്തിയതിനാൽ കൂടുതൽ വിജയസാധ്യത ആതിഥേയർക്കുതന്നെ. അവസാന മത്സരത്തിൽ വിൻഡീസ് താരതമ്യേന ദുർബലരായ അഫ്ഗാനിസ്താനോട് തോറ്റതും ശ്രദ്ധേയമാണ്.
ഇന്ത്യൻനിരയിൽ വിരാട് കോലിയും ധോനിയും. വിൻഡീസ് നിരയിൽ ക്രിസ് ഗെയ്‌ലും ഡ്വയിൻ ബ്രാവോയും. ഇവരുടെ വമ്പൻ അടികൾക്ക് കാതോർക്കുകയാണ് ആരാധകർ. ഒമ്പത് കളികളിൽ ഗെയ്‌ലിനെ നാലുവട്ടം പുറത്താക്കിയിട്ടുള്ള ഓഫ്‌സ്പിന്നർ ആർ. അശ്വിൻ ആതിഥേയരുടെ പ്രതീക്ഷകൾക്ക് ചിറകുനല്കുന്നു. സ്‌കോർ പിന്തുടരുമ്പോൾ 91.80 റൺ ശരാശരിയുള്ള കോലിയുടെ മിടുക്ക് ഇന്ത്യക്ക് പ്ലസ് പോയന്റാണ്.
വാംഖഡെ ഗെയിലിന്റെ സ്വന്തം ഗ്രൗണ്ടാണ്. സുപരിചിതമായ വിക്കറ്റിൽ ഗെയിൽ ഒന്നുറച്ചുനിന്നാൽ അത് ഇന്ത്യൻ ടീമിന് ഭീഷണിയായിരിക്കും. കളിക്കുന്നത് ഇന്ത്യയോടാണെങ്കിലും ഗെയിലിന് മുംബൈയിലും നല്ല ആരാധകരുണ്ട്. ട്വന്റി 20യിൽ 98 സിക്‌സറുകൾ തികച്ച ഗെയ്ൽ സെഞ്ച്വറി തികയ്ക്കാനുറച്ചാണ് ക്രീസിലിറങ്ങുക.
പരിക്കേറ്റ യുവരാജ് സിങ് കളിക്കില്ലെന്ന് ഉറപ്പായതോടെ പകരക്കാരുടെ പട്ടികയിലേക്ക് മൂന്നുപേരുകൾ ഉയർന്നിട്ടുണ്ട്. അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, സ്പിൻ ഓൾറൗണ്ടർ പവൻ നേഗി എന്നിവർ. ഇപ്പോഴത്തെ നിലയിൽ രഹാനെയ്ക്കാണ് സാധ്യതയേറെ.
ഇന്ത്യ സെമിയിൽ കളിക്കുമെന്നുറപ്പായതോടെ ടിക്കറ്റിന് ജനം പരക്കം പാച്ചിലാണ്. ഇന്ത്യ കളിച്ചാലും ഇല്ലെങ്കിലും കളികാണാം എന്ന ചിന്തയിൽ നേരത്തെതന്നെ ടിക്കറ്റ് കരസ്ഥമാക്കിയവർ രക്ഷപ്പെട്ടു. അല്ലാത്തവർക്ക് ടിക്കറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കരിഞ്ചന്തയിൽ നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് ടിക്കറ്റ് വിൽക്കപ്പെടുന്നത്.