സ്വന്തം ലേഖകൻ
ഇതിനകം തരംഗമായി മാറിയ പോക്കിമോൻ ഗോ ഗെയിം കളിക്കാൻ മാതാപിതാക്കൾ രണ്ട് വയസുള്ള മകനെ ഉപേക്ഷിച്ചു. മകനെ വീട്ടിൽ ഉപേക്ഷിച്ചിട്ട് പോക്കിമോനെ പിടിക്കാൻ ദമ്പതികൾ ഇറങ്ങുകയായിരുന്നു. പ്രെന്റ് ഡാലി (27), ബ്രിയാൻ ഡാലി (25) എന്നിവരാണ് സ്വന്തം കുട്ടിയെപ്പോലും ഉപേക്ഷിച്ച് പോക്കിമോനെ പിടിക്കാനിറങ്ങിയത്. യുഎസിലെ അരിസോണയിലാണ് സംഭവം.
ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ പോക്കിമോന്റെ പിന്നാലെ പോയതോടെ വെള്ളവഒം ആഹാരവും ഇല്ലാതെ ബാലൻ വീട്ടിൽ ഒറ്റപ്പെട്ട വിവരം അറിഞ്ഞെത്തിയ പോലീസാണ് കുട്ടിയെ രക്ഷിച്ചത്. എമർജൻസി നമ്പരിൽ വിളിച്ച അയൽവാസിയാണ് വിവരം പോലീസിൽ അറിയിച്ചത്. കുട്ടിയോടുള്ള അവഗണന, കുട്ടിയുടെ ജീവൻ അപകടത്തിലാക്കും വിധമുള്ള അശ്രദ്ധ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദമ്പതികളുടെ വീട്ടിൽ എത്തിയ പോലീസ് ഇരുവരെയും ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. കുട്ടിയെ ഒറ്റയ്ക്കാക്കിയിട്ട് പോക്കിമോൻ കളിക്കാൻ പോയതാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ മാസം പോക്കിമോൻ കളിച്ച് രണ്ട് കനേഡിയൻ സഹോദരൻമാർ യു.എസ്‌കാനഡ അതിർത്തി ലംഘിച്ച സംഭവും റിപ്പോർട്ട് ചെയ്തിരുന്നു.