കണ്ണൂര്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ (79) അന്തരിച്ചു. കണ്ണൂര്‍ ചെറുകുന്ന് മിഷന്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളേതുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പൊക്കുടന്റെ സംഭാവനകളെ യുനസ്‌കോയുടെ പരാമര്‍ശിച്ചിട്ടുണ്ട്.കേരളത്തില്‍ കണ്ടല്‍ക്കാടുകളെ ഇത്രയും അടുത്തറിഞ്ഞ ഒരാളില്ല കല്ലേന്‍ പൊക്കുടനല്ലാതെ. പ്രകൃതിയെക്കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ അറിയുന്ന വിദ്യാലയം തന്നെയായിരുന്നു അദ്ദേഹം.
1937 ല്‍ കണ്ണൂര്‍ ജില്ലയില്‍ അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടിയുടേയും കല്ലേന്‍ വെള്ളച്ചിയുടേയും മൂന്നാമത്തെ മകനായി ജനിച്ചു. അന്നത്തെ സമൂഹത്തില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടിരുന്ന പുലയ സമുദായത്തില്‍ ജനിച്ചതിനാലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവായതിനാലും രണ്ടാം ക്ലാസ്സുവരെ മാത്രമേ അദ്ദേഹത്തിന് പഠിക്കാന്‍ സാധിച്ചിരുന്നുള്ളൂ. പതിനെട്ടാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന പൊക്കുടന്‍ നിരവധി കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നിട്ടുണ്ട്.
കണ്ടല്‍ക്കാടുകളുടെ സംരക്ഷണവും ബോധവത്കരണവുമായി കല്ലേന്‍ പൊക്കുടന്‍ സജീവമായി രംഗത്തിറങ്ങി. ഏഴോം പഞ്ചായത്തില്‍ 500 ഏക്കര്‍ സ്ഥലത്ത് കണ്ടല്‍ വനങ്ങള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. യൂഗോസ്ലാവ്യ,ജര്‍മ്മനി,ഹംഗറി,ശ്രീലങ്ക,നേപ്പാള്‍ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സര്‍വ്വകലാശാലകളിലും പൊക്കുടന്റെ കണ്ടല്‍ക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്റെ ജീവിതം (ആത്മകഥ), കണ്ടല്‍ കാടുകള്‍ക്കിടിയില്‍ എന്റെ ജീവിതം, ചൂട്ടാച്ചി എന്നീ കൃതികള്‍ രചിച്ചു. നിരവധി പരിസ്ഥിതി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.