ആഗോളതാപനത്തിന്റെ പ്രത്യാഘാതം ഉത്തരധ്രുവത്തില്‍ പലതരത്തില്‍ അലയടിച്ചുതുടങ്ങി. ധ്രുവക്കരടി ചരിത്രത്തില്‍ ആദ്യമായി ഇരയായി ഡോള്‍ഫിനുകളെ തേടിത്തുടങ്ങി. വന്യജീവി-സമുദ്ര ശാസ്ത്രജ്ഞര്‍ അമ്പരപ്പോടെയാണിത് കാണുന്നത്.
ധ്രുവക്കരടികള്‍ ഉത്തരധ്രുവത്തിലാണ് അധിവസിക്കുന്നത്. ധ്രുവസമുദ്രത്തിലെ സീലുകള്‍ ആയിരുന്നു അവയുടെ മുഖ്യഇര. കൊഴുപ്പ് കൂടുതലുള്ള കടല്‍ജീവികളാണ് സീലുകള്‍. മഞ്ഞുകട്ടകള്‍ക്കിടയിലുള്ള തുറസ്സായ സ്ഥലത്ത് ശ്വസിക്കാന്‍ എത്തുന്ന സീലുകളെ പതിയിരുന്ന് ആക്രമിച്ച് കൊല്ലുകയാണ് ധ്രുവക്കരടികള്‍ ചെയ്യുക. ധ്രുവസമുദ്രത്തില്‍ ലക്ഷക്കണക്കിന് സീലുകളുണ്ട്.
ആഗോളതാപനത്തിന്റെ ഭാഗമായി ഉത്തരധ്രുവത്തിലെ മഞ്ഞുകട്ടകള്‍ ഉരുകാന്‍ തുടങ്ങി. പല ആകൃതിയിലുള്ള മഞ്ഞുകട്ടകള്‍ ധ്രുവസമുദ്രത്തില്‍ ഒഴുകി നടക്കുമ്പോള്‍ അതില്‍ യാത്രചെയ്ത് സീലുകളെ അനായാസമായി പിടികൂടാന്‍ ധ്രുവക്കരടികള്‍ക്ക് കഴിഞ്ഞിരുന്നു. സമുദ്രം ചൂടായതോടെ മഞ്ഞുകട്ടകള്‍ ഉരുകിത്തുടങ്ങി. ഒഴുകിനടക്കുന്ന മഞ്ഞുകട്ടകളുടെ എണ്ണം കുറഞ്ഞു. ധ്രുവക്കരടികളുടെ അന്നം മുടങ്ങി. സീലുകള്‍ സമുദ്രത്തിലുണ്ടെങ്കിലും അവയെ പിടികൂടാന്‍ ധ്രുവക്കരടികള്‍ക്ക് കഴിയാത്ത സ്ഥിതി.
എന്നാല്‍, ധ്രുവക്കരടികള്‍ പട്ടിണി കിടന്ന് മരിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം നീണ്ട മാസങ്ങള്‍ ഭക്ഷണമില്ലാതെ ജീവിക്കാന്‍ ഇവയ്ക്ക് കഴിയും. പഞ്ഞമാസങ്ങള്‍ മുന്‍കൂട്ടി കണ്ട് വേണ്ടത്ര ഊര്‍ജം സംഭരിക്കാന്‍ ധ്രുവക്കരടികള്‍ക്ക് കഴിയാറുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഒരു ധ്രുവക്കരടി ആദ്യമായി ഡോള്‍ഫിനെ പിടികൂടി ഇരയാക്കി ഭക്ഷിച്ചതെന്ന് ഇതെക്കുറിച്ച് അന്വേഷിച്ച നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഖ്യശാസ്ത്രജ്ഞര്‍ ജോണ്‍ ആര്‍സ് ‘മാതൃഭൂമി’യോട് പറഞ്ഞു. തന്റെ സുഹൃത്ത് സാമുവല്‍ ബ്ലാങ്കിന് അപ്രതീക്ഷിതമായി ക്യാമറയില്‍ കിട്ടിയ ചിത്രവും അദ്ദേഹം ‘മാതൃഭൂമി’ക്ക് അയച്ചുതന്നു. ഉത്തരധ്രുവത്തില്‍ ലക്ഷക്കണക്കിന് സീലുകളുണ്ട്. ഡോള്‍ഫിനുകളെ ഇതുവരെ ധ്രുവക്കരടികള്‍ ഇരയാക്കിയിട്ടില്ല.
വെള്ളക്കൊക്കുള്ള ഡോള്‍ഫിനുകളെയാണ് ഒരു കരടി കൊന്നു തിന്നിരുന്നത്. ഉത്തരധ്രുവത്തിലെ ദ്വീപസമൂഹമായ സ്വാല്‍ബാര്‍ഡില്‍ ( Svalbard ) ആയിരുന്നു ഈ അത്യപൂര്‍വകാഴ്ച. ജീവനോടെയുള്ള ഡോള്‍ഫിനുകളെ കിട്ടിയില്ലെങ്കില്‍ അതിന്റെ മൃതദേഹം കിട്ടിയാലും ധ്രുവക്കരടിക്ക് ഇഷ്ടഭോജ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം മറ്റ് ഏഴിടങ്ങളില്‍കൂടി പലപ്പോഴായി ഡോള്‍ഫിനുകളെ കരടികള്‍ പിടികൂടി ഭക്ഷിക്കുന്നത് ശാസ്ത്രജ്ഞര്‍ക്ക് കാണാന്‍ കഴിഞ്ഞു.
മഞ്ഞുരുകുമ്പോള്‍ ധ്രുവക്കരടികള്‍ ഉത്തരധ്രുവത്തിലെ സമതലപ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ധ്രുവസമുദ്രത്തിന് സമീപം ചില ഉയര്‍ന്ന പാറക്കൂട്ടങ്ങളുണ്ട്. അവിടെ അവ അഭയം തേടുന്നു. ചെറിയ കടല്‍ജീവികളെയും പക്ഷികളെയും ചത്ത തിമിംഗലങ്ങളെയും അവ ഭക്ഷിക്കാറുണ്ട്. എന്നാല്‍ ഡോള്‍ഫിനുകളെ തിന്നുന്നത് ആദ്യമായിട്ടായിരുന്നു.
വര്‍ഷം കഴിയുന്തോറും ആഗോളതാപനത്തിന്റെ തീഷ്ണതയേറുന്നത് ധ്രുവക്കരടികളുടെ വംശത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളിലാണ് ഉത്തരധ്രുവപ്രദേശത്ത് അല്‍പം ചൂട് കിട്ടുന്നത്. അപ്പോഴാണ് മഞ്ഞുരുകുന്നത് അതിന്‌ശേഷം ശൈത്യമാകുമ്പോള്‍ സമുദ്രവും പലഭാഗങ്ങളില്‍ കട്ടിയാകും. ശൈത്യം മാറി മഞ്ഞുകട്ടകള്‍ ഒഴുകിനടക്കുന്ന കാലത്താണ് ധ്രുവക്കരടികള്‍ സീലുകളെ ഇരതേടുന്നത്. മൂന്നുനാല് മാസങ്ങള്‍ കൊയ്ത്തുകാലമാണ്. അക്കാലത്താണ് വരുംമാസങ്ങലിലേക്കുള്ള ഊര്‍ജം ശേഖരിച്ചുവെച്ച് ‘വറുതിക്കാലം’ നേരിടാന്‍ അവ തയ്യാറെടുക്കുന്നത്.