പൊലീസ് ആകാശത്തേക്ക് വെടിവച്ചു; വൈദ്യുത കമ്പി പൊട്ടിവീണ് 11 പേര്‍ മരിച്ചു

ഗുവാഹത്തി: പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിവച്ചതിനെതുടര്‍ന്ന് വൈദ്യുത കമ്പി പൊട്ടിവീണ് 11 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ആസാമിലെ തിന്‍സുകിയ ജില്ലയില്‍ പെന്‍ഗിരിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയവരാണ് മരിച്ചത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശവാസിയായ ഗൃഹനാഥനെയും മരുമകളെയും അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതികളാക്കപ്പെട്ടവരെ ശിക്ഷിക്കാന്‍ തങ്ങള്‍ക്ക് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാരക ആയുധങ്ങളുമായി മാര്‍ച്ച് നടത്തിയവര്‍ പിന്നീട് അക്രമാസക്തരായി പൊലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ ജനക്കൂട്ടത്തെ പിരച്ചുവിടാന്‍ പൊലീസ് ആകാശത്തേക്കും ജനക്കൂട്ടത്തിനു നേര്‍ക്കും വെടിവച്ചു. അതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വൈദ്യുത കമ്പി പൊട്ടി ജനക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്‍പതുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലും മറ്റൊരാള്‍ സമീപത്തെ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. വെടിയേറ്റും ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതായാണ് റിപ്പോര്‍ട്ടുകള്‍. കൊലക്കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്.

Top